ന്യൂദല്‍ഹി : അയോധ്യ കേസ് തുടര്‍ നടപടികളെ കുറിച്ച് തീരുമാനിക്കാന്‍ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ ഇന്ന് യോഗം ചേരും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാകും യോഗമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അയോധ്യ പ്രശ്നത്തിലെ മധ്യസ്ഥ ചര്‍ച്ചകള്‍ വിജയം കണ്ടെന്ന് റിട്ട. ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് വീശദമായി പഠിച്ചശേഷമാകും നടപടി.
നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രഞ്ജന്‍ ഗൊഗോയി വിരമിക്കും. ആയിരക്കണക്കിന് രേഖകളുള്ള കേസില്‍ അതിന് മുമ്പ് വിധി പ്രസ്താവിക്കാനാണ് സാധ്യത. അല്ലാത്തപക്ഷം വീണ്ടും പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേറ്റെടുക്കുന്നതോടു കൂടി ബെഞ്ച് വീണ്ടും പുനസംഘടിപ്പിച്ച് വാദം ആദ്യം മുതല്‍ വീണ്ടും ആരംഭിക്കേണ്ടതായുണ്ട്.
ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന് സുന്നി വഖഫ് ബോര്‍ഡും ചരിത്രപരമായ പിഴവ് തിരുത്തണമെന്ന് ഹിന്ദു സംഘടനകളും വാദിച്ചു. വാദത്തിനിടെ, രാമജന്മഭൂമി ഏതെന്ന് കാണിക്കാന്‍ ഹിന്ദു മഹാസഭ ജഡ്ജിമാര്‍ക്ക് നല്‍കിയ അയോധ്യയുടെ ഭൂപടം വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതി മുറിയില്‍ കീറിയെറിഞ്ഞത് വിവാദമായി.
അതേസമയം മധ്യസ്ഥ ചര്‍ച്ചയിലുണ്ടായ പുരോഗതിയും പ്രധാന വിഷയമാണ്. ഇക്കാര്യങ്ങളില്‍ എന്ത് തീരുമാനങ്ങളെടുക്കണമെന്ന കാര്യത്തില്‍ ജഡ്ജിമാര്‍ക്കിടയില്‍ ഇന്ന് കൂടിയാലോചന നടക്കും.
40 ദിവസത്തെ തുടര്‍ച്ചയായ വാദത്തിനൊടുവിലാണ് അയോധ്യ കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും കാലതാമസമെടുത്ത് വിചാരണ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ കേസാണിത്.
















