തുറവൂര്‍: തോട്ടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് അരൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി പ്രകാശ് ബാബു പര്യടനത്തിനായി പോയത്.
ആദ്യമെത്തിയത് പള്ളിപ്പുറം പഞ്ചായത്തിലെ കുട്ടന്‍ചാല്‍ തുരുത്തിലെ ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ടറിയാനാണ്. അവിടെ നിന്ന് പള്ളിപ്പുറത്ത് സംഘടിപ്പിച്ച റോഡ് ഷോയിലേക്ക്. പഞ്ചായത്തിലെ വിവിധ കോളനികള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. പിന്നീട് കുടുംബയോഗങ്ങളിലും പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് അരൂര്‍ പഞ്ചായത്തിലായിരുന്നു സ്വീകരണം. പുത്തനങ്ങാട് കുമാരവിലാസം ക്ഷേത്രത്തിന് മുന്നില്‍നിന്ന് ആരംഭിച്ച യാത്രക്ക് അമ്മനേഴം, കളത്തില്‍, അരൂര്‍ പള്ളി, കോട്ടപ്പുറം, പള്ളിയറക്കാവ്, അരൂക്കുറ്റി ഫെറി, കണിയാവീട്, ആഞ്ഞിലിക്കാട്, വെളുത്തുള്ളി തെക്ക്, മണ്ണാട്ട് ക്ഷേത്രം, അല്‍ അമീന്‍ സ്‌കൂളിന് സമീപം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.
ഇന്നു രാവിലെ തൈക്കാട്ടുശേരി, പാണാവള്ളി പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റോഡ് ഷോയിലും ഉച്ചകഴിഞ്ഞ് കോടംതുരുത്ത്, കുത്തിയതോട് പഞ്ചായത്തുകളില്‍ നടക്കുന്ന സ്വീകരണ പരിപാടിയിലും സ്ഥാനാര്‍ത്ഥി പങ്കെടുക്കും.
















