വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവിന്റെ നാഥന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വാഗ്ദാനപ്രസംഗങ്ങളും അനൗണ്‍സ്‌മെന്റ് വാഹനങ്ങളും തലങ്ങുംവിലങ്ങും മണ്ഡലത്തിലുടനീളം പായുന്നു. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ് മുന്നണി നേതാക്കളും സ്ഥാനാര്‍ഥികളും. എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷിന്റെ പ്രചാരണം കൊഴുപ്പിക്കാനായി ബിജെപി നേതാക്കള്‍ക്ക് പുറമേ ഓരോ ദിവസവും എന്‍ഡിഎയുടെ വിവിധ ഘടകകക്ഷി നേതാക്കളാണ് മണ്ഡലത്തിലെത്തുന്നത്.
ഇന്നലെ രാവിലെ വട്ടിയൂര്‍ക്കാവ് ഏര്യയിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന തിരക്കിലായിരുന്നു അഡ്വ. എസ്. സുരേഷ്. തുടര്‍ന്ന് ചില പ്രമുഖ വ്യക്തികളെ നേരിട്ട് കണ്ടശേഷം ഉള്ളൂരിലെ ഗബ്രിയല്‍ മാര്‍ ഗ്രിഗ്രോറിയോസ് തിരുമേനിയോടൊപ്പം ഉച്ചഭക്ഷണം. വൈകിട്ട് നാലുമണിയോടെ കാച്ചാണി ജംഗ്ഷനില്‍ നിന്നും വാഹനപര്യടനം ആരംഭിച്ചു. കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ പി.സി. തോമസാണ് ഇന്നലത്തെ പര്യടനം ഉദ്ഘാടനം ചെയ്തത്.
സുരേഷിനൊപ്പം സിനിമാ താരം എം.ആര്‍. ഗോപകുമാറും വാഹനപര്യടനത്തില്‍ പങ്കുചേര്‍ന്നു. കാച്ചാണിയില്‍ നിന്നും രണ്ടാമത്തെ സ്വീകരണ സ്ഥലമായ കീഴിക്കോണത്തെത്തിയപ്പോള്‍ അമ്മമാരാണ് ഷാള്‍ അണിയിച്ചും താമരപൂവ് നല്‍കിയും സ്ഥാനാര്‍ഥിയെ വരവേറ്റത്. നെല്ലിവിള, കല്ലിങ്ങാവിള വഴി ആശ്രമം റോഡിലെത്തിയപ്പോള്‍ കനത്ത മഴ. മഴയെ തോല്‍പ്പിക്കുന്ന ആവേശത്തോടെ പ്രവര്‍ത്തകര്‍ക്കൊപ്പം അടുത്ത സ്വീകരണ സ്ഥലത്തേക്ക് സ്ഥാനാര്‍ഥി പര്യടനം. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം പേരൂര്‍ക്കടയിലാണ് ഇന്നലെ വാഹനപര്യടനം സമാപിച്ചത്.
മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മഹിളാ സംഗമം സംസ്ഥാന അധ്യക്ഷ വി.ടി. രമ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ പി.സി. തോമസ്, സിനിമാ താരം എം.ആര്‍. ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വട്ടിയൂര്‍ക്കാവിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന കുടുംബസംഗമങ്ങളില്‍ ഒ. രാജഗോപാല്‍ എംഎല്‍എ സംസാരിച്ചു.
ഇന്ന് വിവിധ ഇടങ്ങളിലായി എന്‍ഡിഎയുടെ നാല് പൊതുയോഗങ്ങളാണ് നടക്കുക. എംഎല്‍എമാരായ ഒ. രാജഗോപാല്‍, പി.സി. ജോര്‍ജ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമ തുടങ്ങിയവര്‍ സംസാരിക്കും. ഇന്ന് രാവിലെ 8 ന് കുടപ്പനക്കുന്ന് അയ്യങ്കാളി ഹാളിന് മുന്നില്‍ നിന്നാരംഭിക്കുന്ന വാഹനപര്യടനം ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 ന് മരപ്പാലത്ത് നിന്നാരംഭിക്കുന്ന വാഹനപര്യടനം പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഇന്നലെ ഹാര്‍വിപുരം കോളനിയില്‍ നിന്നും വി.എസ്. ശിവകുമാര്‍ എംഎല്‍എയാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍ കുമാറിന്റെ വാഹന പര്യടനം ഉദ്ഘാടനം ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ. പ്രശാന്തിന്റെ വാഹനപര്യടനം കുടപ്പനക്കുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
















