ന്യൂദല്‍ഹി : അയോധ്യകേസ് വിചാരണ ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് അവസാനിക്കാനിരിക്കേ സുന്നി വഖഫ് ബോര്‍ഡ് കേസില്‍ നിന്നും പിന്‍മാറുന്നു. ഇതുസംബന്ധിച്ച് സുപ്രീംകോടതിയെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. കേസ് പിന്‍വലിക്കണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ബിട്രേഷന്‍ പാനല്‍ അംഗമായ ശ്രീരാം പഞ്ചുവിന് സത്യവാങ്മൂലം അയച്ചതായി ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്.
നിയമ വിരുദ്ധമായ ഭൂമി ഇടപാട് കേസില്‍ ചെയര്‍മാന്‍ ഇസഡ്.എ. ഫറൂഖിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. വഖഫ് ബോര്‍ഡിനുവേണ്ടി നിയമ വിരുദ്ധമായി ഭൂമി ഇടപാട് നടത്തിയതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
കേസില്‍ ഹാജരായ അഭിഭാഷകനെ മാറ്റുന്നത് സംബന്ധിച്ചും വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടാതെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും ഫറൂഖി സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. അതേസമയം അയോധ്യ കേസിന്റെ വാദം സുപ്രീം കോടതിയില്‍ തുടരുന്നു. എന്നാല്‍ സുന്നി വഖഫ് ബോര്‍ഡിന്റെ അപ്പീല്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് കോടതിയില്‍ ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ കേസിലെ വാദം പൂര്‍ത്തിയാക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു. നേരത്തെ തീരുമാനിച്ച കക്ഷികളല്ലാതെ മറ്റാരുടെയും ഇടപെടല്‍ അനുവദിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. ഹിന്ദു പക്ഷത്തെ അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥനാണ് ഇന്ന് വാദം ആരംഭിച്ചത്. 45 മിനിറ്റ് സമയമാണ് വൈദ്യനാഥന് അനുവദിച്ചത്. ഇതിനൊപ്പം 45 മിനിറ്റ് ദൈര്‍ഘ്യമുള്ള നാല് സ്ലോട്ടുകളും ശേഷിക്കുന്ന കക്ഷികള്‍ക്ക് നല്‍കും. മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ. പരാശരന്‍ ആണ് ഹിന്ദു കക്ഷിക്ക് വേണ്ടി ഹാജരായത്.
ഇന്ത്യ കീഴടക്കിയ ബാബര്‍ ചരിത്രപരമായ തെറ്റ് ചെയ്‌തെന്നും നിയമത്തിന് അതീതനായി ശ്രീരാമന്റെ ജന്മസ്ഥലത്ത് പള്ളി പണിതെന്നും പരാശരന്‍ വാദിച്ചു.സുന്നി വഖഫ് ബോര്‍ഡും മറ്റുള്ളവരും സമര്‍പ്പിച്ച നിയമ വ്യവഹാരത്തിലെ പ്രതിയായ മഹന്ത് സുരേഷ് ദാസിനു വേണ്ടിയാണ് പരാശരന്‍ ഹാജരായത്.
















