കേരളം എല്ലാംകൊണ്ടും മികച്ചുനില്‍ക്കുന്ന സംസ്ഥാനമെന്ന അഭിമാനം ഇനിയെത്രകാലം നിലനില്‍ക്കുമെന്ന് കണ്ടുതന്നെ അറിയണം. അത്തരം ഭീതിദമായ വാര്‍ത്തകളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ശ്രദ്ധയില്‍പ്പെട്ട വാര്‍ത്ത അതീവ ഗൗരവാവഹമാണ്. കേരളത്തില്‍ ബംഗ്ലാദേശ് ഭീകരസംഘടനയുടെ ശക്തമായ സ്വാധീനം ഉണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി ബന്ധപ്പെട്ടവര്‍ക്ക് വിവരം നല്‍കിയിരിക്കുന്നത്. കേരളമുള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലാണ് ഭീകരസംഘടനയായ ജമാഅത്തുല്‍ മുജാഹിദ്ദീന്‍ (ജെഎംബി), അതിന്റെ ദംഷ്‌ട്രകള്‍ ഇറക്കിയിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്ന ചെല്ലപ്പേരില്‍ അഭിമാനിച്ചിരിക്കുന്ന നമുക്കുമുമ്പില്‍ പത്തി വിടര്‍ത്തിയാടുകയാണ് ഭീകരത. അനുവദിച്ചുകൂടാ ആ പ്രവണത.
കേരളത്തിലങ്ങിങ്ങോളം ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുണ്ട്. നമ്മുടെ നല്ല മനസ്സ് അവരെ നമ്മോടൊപ്പം ചേര്‍ത്ത്‌നിര്‍ത്തിയെങ്കിലും അന്യവിഭാഗത്തില്‍പ്പെട്ടവരെന്ന നിലയ്‌ക്കുതന്നെയാണ് അവരില്‍ ബഹുഭൂരിഭാഗവും പെരുമാറുന്നതെന്ന ആക്ഷേപം പലകോണുകളില്‍നിന്നും ഉയരുന്നുണ്ട്. ഈ തൊഴിലാളികളെ മൊത്തം ബംഗാളികള്‍ എന്നാണ് വിളിക്കുന്നത്. ഇങ്ങനെ കേരളത്തില്‍ കഴിയുന്നവരില്‍ ഏറിയും കുറഞ്ഞും കുറ്റവാളികളും കുറ്റവാസനയുള്ളവരും ഉണ്ടെന്നുള്ളത് രഹസ്യമൊന്നുമല്ല. ബംഗാളികള്‍ എന്നുപറയുമെങ്കിലും ബംഗ്ലാദേശില്‍നിന്നുള്ളവരാണ് നാല്‍പത് ശതമാനത്തിലേറെ. ആ രാജ്യത്ത് നടത്തിയ കുറ്റങ്ങളില്‍നിന്ന് രക്ഷപ്പെടാനും മറ്റും ഇന്ത്യയിലേക്കു വരുന്നവരുടെ സുരക്ഷിത താവളമായി കേരളം മാറിയിരിക്കുന്നു. ഇത്തരക്കാര്‍ ഉള്‍പ്പെട്ട എത്രയെത്ര കേസുകളാണ് ഉണ്ടായിരിക്കുന്നത്. ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്റെ വീടാക്രമിച്ച് അദ്ദേഹത്തെയും ഭാര്യയേയും മൃതപ്രായരാക്കിയശേഷം വന്‍ കവര്‍ച്ച നടത്തിയവര്‍ ബംഗ്ലാദേശികളായിരുന്നു. കണ്ണൂരിലെ പൊലീസ് സംഘം അതിസാഹസികമായാണ് കുറ്റവാളികളെ അവിടെപോയി പിടിച്ചത്.
ജോലിയന്വേഷിച്ച് ഇവിടെയെത്തുന്നവരുടെ വ്യക്തിവിവരങ്ങള്‍ നേരാംവണ്ണം അന്വേഷിക്കാത്തതുകൊണ്ടാണ് നിര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്. തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ളവ അതത് പോലീസ് സ്‌റ്റേഷനുകളില്‍ കാണിച്ച് രജിസ്റ്റര്‍ ചെയ്യണമെന്നൊക്കെയുണ്ടെങ്കിലും ഫലത്തില്‍ അതൊന്നും നടക്കുന്നില്ല. ഭീകരസംഘടനകള്‍ ഇതരസംസ്ഥാനക്കാരെ പലവിധത്തില്‍ വലയില്‍വീഴ്‌ത്തുകയാണ്. ചിലപ്പോള്‍ അത്തരക്കാര്‍ നിരപരാധികളാവും. എന്നാല്‍ ഭീകരസംഘടന കെണിയില്‍പ്പെടുത്തിയിട്ടുണ്ടാവും. സാമ്പത്തിക സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നല്‍കിയാണ് ഇത്തരക്കാരെ ഭീകരസംഘടന വീഴ്‌ത്തുന്നത്. 25 കൊല്ലം മുമ്പ് ഗുരുവായൂരില്‍ നടന്ന കൊലക്കേസിലെ പ്രതി ഭീകരസംഘടനയില്‍പ്പെട്ടയാളാണെന്ന് അടുത്തദിവസമാണ് പുറത്തുവന്നത്. ഒരു പ്രമുഖന്‍ ക്വട്ടേഷന്‍ നല്‍കിയതുപ്രകാരമാണ് കൊലപാതകം നടത്തിയത്. ഭീകരസംഘടനയുടെ ഉദ്ദേശ്യത്തിനനുസരിച്ചും മറ്റുള്ളവര്‍ക്കുവേണ്ടിയും ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനത്ത് സജീവമാകുമ്പോള്‍ ജീവനും സ്വത്തും അരക്ഷിതത്വത്തിലാവുകയാണ്.
ഇന്നേവരെ ഇവിടം ഭരിച്ചവരൊന്നും ഇക്കാര്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല എന്നു പറഞ്ഞുകൂടാ. പലതരത്തിലുള്ള താല്‍പര്യങ്ങളുടെയും പുറത്ത് അതൊക്കെ അവഗണിക്കുകയായിരുന്നു. ദേശീയ താല്‍പര്യത്തോടെ ഇക്കാര്യത്തില്‍ ശ്രദ്ധവേണമെന്ന് ആവശ്യപ്പെടുന്നവരെ ഭരണകൂടം ശത്രുപക്ഷത്ത് നിര്‍ത്തുകയായിരുന്നു. കേരളം തീവ്രവാദ സംഘടനകളുടെ പറുദീസയായതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഇവിടുത്തെ ഭരണകൂടങ്ങള്‍ക്ക് മാറിനില്‍ക്കാനാവില്ല. ഇപ്പോള്‍പോലും കേന്ദ്ര ഏജന്‍സിയാണ് ഭീകരസാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത് എന്നോര്‍ക്കണം. തൊട്ടാല്‍ പൊട്ടുന്ന സ്‌ഫോടന മുനമ്പിലാണ് മലയാളികളെന്ന തിരിച്ചറിവോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്‌തെങ്കില്‍ മാത്രമേ സമാധാനത്തോടെ ഇനിയുള്ള കാലം കഴിയാനാവൂ.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് ദിനംപ്രതിയെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അതിന്റെ പിന്നാലെ അന്വേഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. ഇത്തരക്കാരെ നിയന്ത്രിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കും നിയതമായ ലൈസന്‍സിങ് സമ്പ്രദായം ഏര്‍പ്പെടുത്തണം. സാമൂഹിക ജീവിതത്തിന് ഭീഷണിയാവുന്ന എന്തും മുളയിലേ നുള്ളാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. നികുതിപിരിക്കാനും ആയത് വര്‍ധിപ്പിക്കാനുമുള്ള സംവിധാനം മാത്രമായി മാറരുത് സര്‍ക്കാരുകള്‍. എല്ലാ രാഷ്‌ട്രീയ പരിഗണനകളും മാറ്റിവെച്ച് ഇക്കാര്യത്തില്‍ ഗൗരവമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമൂഹം ഛിന്നഭിന്നമാവുന്നത് കാണേണ്ടിവരുമെന്ന് ഓര്‍മിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: