മലപ്പുറം : ഒന്നേമുക്കാല്‍ കോടിയുടെ നിരോധിത കറന്‍സി വില്‍പ്പന നടത്താന്‍ ശ്രമിച്ച ആറംഗ സംഘം പിടിയില്‍. മലപ്പുറം കൊളത്തൂരില്‍ നിരോധിത കറന്‍സി വിതരണം ചെയ്യുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും അഞ്ഞൂറിന്റേയും, ആയിരത്തിന്റേയും പഴയ നോട്ടുകളും പിടികൂടിയിട്ടുണ്ട്.
കുളത്തൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ കടയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പെരിന്തല്‍മണ്ണ എഎസ്പി രേഷ്മ രമേശിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു.
വടകര വില്ല്യാപ്പള്ളി കുനിയില്‍ അഷ്‌റഫ്, കിഴക്കേപ്പനയുള്ളതില്‍ സുബൈര്‍, മലപ്പുറം വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി ഇരുമ്പാലയില്‍ സിയാദ്, കുളത്തൂര്‍ പള്ളിയാല്‍കുളമ്പ് സ്വദേശി പൂവളപ്പില്‍ മുഹമ്മദ് ഇര്‍ഷാദ്, മൂച്ചിക്കൂടത്തില്‍ സാലി ഫാമിസ്, പാലക്കാട് ചെറുപ്പുളശ്ശേരി ഇടയാറ്റില്‍ മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് പോലീസ് പിടിയിലായത്.
പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
















