കത്തെഴുതുക എന്നുപറഞ്ഞാല്‍ പഴയ തലമുറയില്‍പ്പെട്ട ബഹുഭൂരിപക്ഷത്തിനും സുഖമുള്ള ഒരു കാര്യമാണ്. നാട്ടുമ്പുറത്തെ രീതിയില്‍ പറയാമെങ്കില്‍: തണുപ്പുകാലത്ത് പ്ലാവില ഉള്‍പ്പെടെയുള്ളവ അടിച്ചുകൂട്ടിവെക്കും. പലപ്പോഴും തലേദിവസം വൈകുന്നേരംതന്നെ ഈ കലാപരിപാടി നടന്നിരിക്കും. രാവിലെ മേലാസകലം വാരിപ്പുതച്ച് അടിച്ചുകൂട്ടിവെച്ചതിന് തീ കൊളുത്തും. അതങ്ങനെ കത്തിപ്പടരുമ്പോള്‍ ഹാ ഹാ എന്താണൊരു സുഖം. ഈ സുഖം കുറച്ചുകൂടിയിരിക്കട്ടെ എന്ന് കരുതി കത്തിപ്പടരുന്ന തീനാളങ്ങളിലേക്ക് കൈനീട്ടിയാല്‍ എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഏതാണ്ട് ഈ പരിസരത്തൊക്കെ നില്ക്കുന്ന പ്രതീതിയാണ് മുന്‍ തലമുറ കത്തെഴുത്തിലൂടെയും അത് വായിക്കുന്നതിലൂടെയും അനുഭവിച്ചിരുന്നത്. ന്യൂജന്‍ മഹാമഹങ്ങള്‍ക്കിടെ മേപ്പടി കത്തെഴുത്തും മറ്റും സ്വാഹാ ആയി എന്നത് മറ്റൊരു കാര്യം.
ഒരച്ഛന് പണ്ട് മകള്‍ക്കയച്ച കത്തിന്റെ കാര്യം തന്നെയെടുക്കുക. മകളോടുള്ള സ്നേഹവും വികാരവായ്പ്പും പതഞ്ഞൊഴുകുന്ന ഒരക്ഷരസമുദ്രമല്ലേ അത്? തന്റെ മകള്‍ക്കു മാത്രമല്ല, വരുന്ന എത്രയെത്രയോ തലമുറകളിലെ മക്കള്‍ക്കും സാംസ്കാരിക, സാമൂഹിക, വൈചാരിക, വൈകാരിക സംസ്കാരം ഉണ്ടാവണമെന്ന ലക്ഷ്യവേദിയായ സ്നേഹത്തിന്റെ മധുകണങ്ങള്‍ ആ അക്ഷരങ്ങളില്‍ അലിഞ്ഞുകിടക്കുന്നില്ലേ? ഭാരതീയസംസ്കാരധാര എങ്ങനെയാണ് താന്‍ ഉള്‍ക്കൊണ്ടത് എന്ന് അതിലെ വരികള്‍ക്കിടയിലൂടെ പലര്‍ക്കും പ്രിയപ്പെട്ട നേതാവ് പറഞ്ഞുകൊടുക്കുന്നില്ലേ? ഇത്തരം കത്തുകളിലെ ആശയപ്രപഞ്ചത്തിന് വ്യക്തമായ ദിശാബോധമുണ്ട്. ക്രിയാത്മകവും പുരോഗമനാത്മകവും സൈദ്ധാന്തിക തലങ്ങളെ ഉണര്‍ത്തുന്നതുമായ ഒരു സ്നേഹധാരയുണ്ട്. മാനവികതയുടെ സൂര്യോദയം കാണാനുള്ള അനേകം വഴികളിലൊന്നത്രേ അത്. ആരെയും കുറ്റപ്പെടുത്താനും അധിക്ഷേപിക്കാനും അപമാനിക്കാനും അതുവഴി തുനിഞ്ഞിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ എല്ലാം കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു എന്നു തോന്നുംവിധമാണ് കാര്യങ്ങള്‍. കത്തെഴുത്ത് കുത്തിമലര്‍ത്തുന്നതിന്റെ പ്രതീകമായി മാറിയിരിക്കുന്നു. രാക്ഷസീയശക്തികളുടെ അഴിഞ്ഞാട്ടത്തിനുള്ള പടപ്പാട്ടായി അത് മാറിയിരിക്കുന്നു. പത്തറുപതുകൊല്ലം രാജ്യം ഭരിച്ചവര്‍ക്ക് ചെയ്യാന്‍പറ്റാത്ത പല കാര്യങ്ങളും പൊടുന്നനെ നടത്താന്‍ കേന്ദ്രത്തിലെ പുതിയ ഭരണകൂടം തയാറായി. എന്നുമാത്രമല്ല അതൊക്കെ നടപ്പില്‍ വരുത്താന്‍ ആത്മാര്‍ഥമായ ഇടപെടലുകളും നടക്കുന്നു. ഇതിന്റെ ഈര്ഷ്യയില് കണ്ടതൊക്കെ തല്ലിത്തകര്‍ക്കുന്ന സ്വഭാവത്തിലേക്ക് പ്രതിപക്ഷകക്ഷികളും അവരുടെ വാലില്‍ത്തൂങ്ങി ഈര്‍ക്കിലിപാര്‍ട്ടികളും രംഗത്തു തിറയാട്ടംനടത്തുന്നു. അതിലെ ഒരു പ്രധാന ഭാഗമായി ‘കത്തെഴുത്തു ‘പരിപാടി മാറിയിരിക്കുന്നു.
ഉത്തരേന്ത്യയിലെ ഏതോ മൂലയില്‍ എന്തുനടന്നാലും അജണ്ടാധിഷ്ഠിത കക്ഷികള്‍ക്ക് അത് മഹത്തായതാണ്. അതില്‍ പ്രതിഷേധിക്കാന്‍ സാംസ്കാരികരും അല്ലാത്തവരുമായ കൂലിപ്പട രംഗത്തെത്തും. അടുത്തിടെ അമ്മാതിരിയൊരു സംഘം പ്രധാനമന്ത്രിക്കൊരു കത്തയച്ചു. ഉത്തരേന്ത്യയില്‍ നടക്കുന്ന നിര്‍ഭാഗ്യസംഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുകയാണെന്ന വ്യാജേന അവരുടെ രാഷ്ട്രീയം ഓക്കാനിച്ചുകൂട്ടുകയായിരുന്നു അതില്‍. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചില വിശുദ്ധനായകരും അതില്‍ തുല്യം ചാര്‍ത്തിയിരുന്നു. ദൈവനാട്ടിലെ പൈശാചികതകളത്രയും കണ്ടില്ലെന്നു നടിച്ച വിദ്വാന്മാരാണ് കത്തെഴുതി കാമം തീര്‍ത്തത് എന്നറിയണം. ഇവിടുത്തെ തമ്പ്രാന്റെ മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്ക്കുന്ന ഇത്തരം മ്ലേച്ഛ പിമ്പുകള്‍ എന്തടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിക്ക് കത്തുമായി മുന്നോട്ട് വന്നതെന്ന് വ്യക്തം.
ഏതായാലും ഇത്തരക്കാരുടെ ഉദ്ദേശശുദ്ധിയെ സംശയിച്ചുകൊണ്ട് ബിഹാറിലെ കോണ്‍ഗ്രസ് അഭിഭാഷകന് കോടതിയിലൊരു ഹര്‍ജികൊടുത്തു. പ്രഥമദൃഷ്ട്യാ അതില്‍ കഴമ്പുണ്ടെന്നുകണ്ട കോടതി കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം കൊടുത്തു. അതോടെ നാട്ടിലെമ്പാടും നരേന്ദ്രമോദിയുടെ ചോരയ്ക്കായി മുറവിളിയായി. ”കോമണ്‍സെന്‍സ് ഈസ് നോട്ട് കോമണ്‍’ എന്നുപറയും പോലെയായി കാര്യങ്ങള്‍. പ്രകടനം, പൊതുയോഗം, ചൂട്ടു കത്തിച്ച് നടത്തം… അപ്പപ്പാ ഒന്നും പറയാത്തതാണ് നന്ന്. അതിന്റെകൂടെയാണ് ന്യൂജന്‍തലമുറയ്ക്ക് ആവേശമായ കത്തെഴുത്തുണ്ടായത്. ദേശീയകക്ഷികളും പ്രാദേശികരും മത്സരിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി പോസ്റ്റ് ചെയ്യുകയാണ്. ഇതിനെക്കുറിച്ച് നാട്ടുമ്പുറത്തെ സരസനായ കല്ലുകൊത്ത് തൊഴിലാളി കണാരേട്ടന് പറഞ്ഞതിങ്ങനെ: ‘എഴുതട്ടെടോ, തലയക്ഷരം നന്നായില്ലെങ്കിലും കൈയക്ഷരം നന്നാവില്ലേ? അങ്ങനെയെങ്കിലും അക്ഷരം പഠിക്കട്ടെ’. കണാരേട്ടന്റെ തലമുറയ്ക്ക് കത്തെഴുതാനേ അറിയുമായിരുന്നുള്ളൂ. അതുകൊണ്ടാണവര്‍ ആരെയും കുത്തിമലര്‍ത്താന്‍ തുനിയാതിരുന്നത്. ന്യൂജന്‍ ഉപകരണങ്ങള്‍വഴി കുത്തിമലര്‍ത്തുന്നവരെ സംസ്കരിക്കാന്‍ ഈ കത്തെഴുതല്‍ പരിപാടി നന്നാവുമെങ്കില്‍ അത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ന്യൂജന്‍ തലമുറയ്ക്ക് പുതുവെളിച്ചം പകരാം.
ലാസ്റ്റ്ഡ്രോപ്പ്: എഞ്ചുവടി, ചെറുവത്തൂരിന്റെ വിസ്തൃതമനപ്പാഠം തുടങ്ങിയവയ്ക്ക് വന്‍ ഡിമാന്‍ഡ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: