എരുമേലി: തര്‍ക്കഭൂമിയായ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാതെ സര്‍ക്കാരും ചില സ്വാര്‍ത്ഥ താത്പര്യക്കാരും കോടികളുടെ അഴിമതിക്ക് കളമൊരുക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.
രാജമാണിക്യം അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പകരം പണം കൊടുത്ത് എസ്റ്റേറ്റ് വാങ്ങുമെന്ന് പറയുന്നവര്‍ ജനങ്ങള്‍ക്ക് മോഹന വാഗ്ദാനം നല്‍കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും, ആദിവാസി കുടുംബങ്ങളുടെയും ഭൂമികള്‍ ചെറുവള്ളി തോട്ടത്തിലുണ്ട്. ഇതുള്‍പ്പെടുന്ന ഭൂമി തിരിച്ചുപിടിക്കുന്നതിന് പകരം സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുകയാണ്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിമാനത്താവളം പദ്ധതി കൊണ്ടുവന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. കോടിക്കണക്കിന് വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാതെ വിമാനത്താവളത്തിന് പണം ചെലവഴിക്കുന്ന നടപടി അഴിമതി തന്നെയാണ്. ക്ഷേത്ര നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 300 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നും കുമ്മനം പറഞ്ഞു.
ഹാരിസണ്‍ കൃത്രിമം കാണിച്ച് സ്വന്തമാക്കിയതാണ് എസ്‌റ്റേറ്റ്. രാജമാണിക്യം റിപ്പോര്‍ട്ടില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് പറഞ്ഞിട്ടുണ്ട്. ഇത് സ്ഥാപിച്ചെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും അതിന് ശ്രമിച്ചില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പുസമയത്ത്, കേസ് നടക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കാന്‍ ഇറങ്ങിയത് ശരിയായില്ല. ലാഭക്കൊതിയും കച്ചവടതാത്പര്യവുമുള്ള വന്‍ലോബി ഇതിന് പിന്നിലുണ്ട്. അവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ എല്ലാം കാട്ടിക്കൂട്ടുന്നത്. ഒരു കേസ് കൊടുക്കാന്‍പോലും തയ്യാറാകുന്നില്ല. എല്ലാ റവന്യൂ കേസുകളും കോടതിയില്‍ തോറ്റുകൊടുക്കുകയാണെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
















