കൊച്ചി: വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ചു സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പറ്റിച്ചെന്ന് വിജിലന്‍സിനു പരാതി. ഷാഹിദയ്‌ക്ക് കമ്മിഷനില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്നു കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന ഷാഹിദ അവിടംവിട്ട് സി.പി.ഐ.എമ്മില്‍ എത്തുകയായിരുന്നു. 2009-ലും 2011-ലും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലും കമ്മിഷന്‍ അംഗമാകാന്‍ നല്‍കിയ അപേക്ഷയിലും ബികോം ബിരുദമെന്നു കാണിച്ചതു തെറ്റാണെന്നു കേരളാ സര്‍വകലാശാലയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ തെളിഞ്ഞു. കമ്മിഷന്‍ അംഗമാകാന്‍ സമര്‍പ്പിച്ച അപേക്ഷയിലും ചടയമംഗലത്തും കാസര്‍കോട്ടും മത്സരിച്ചപ്പോഴും ഷാഹിദ സൂചിപ്പിച്ചിരുന്ന വിദ്യാഭ്യാസ യോഗ്യത ബികോം ആണ്.
87-90 കാലഘട്ടത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ നിന്നാണു ബിരുദം നേടിയതെന്നാണ് സത്യവാങ്മൂലത്തില്‍ ഷാഹിദ പറയുന്നത്. എന്നാല്‍ ആ കാലഘട്ടത്തില്‍ ഷാഹിദ ബിരുദം പാസ്സായിട്ടില്ലെന്ന് കേരളാ സര്‍വകലാശാലയുടെ രേഖകളില്‍ വ്യക്തമാക്കുന്നു. അതിനാല്‍ കാപട്യവും അനീതിയും കൊണ്ട് ഒരു ജനപ്രതിനിധിക്കു ചേരാത്ത വിധത്തില്‍ ഷാഹിദ കമാല്‍ പ്രവര്‍ത്തിച്ചുവെന്ന ഗുരുതര ആരോപണമാണു പരാതിയില്‍ പറയുന്നത്.
















