കുന്നംകുളം: ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് തൃശൂര്‍ കുന്നംകുളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ഇസ്ലാമിക ഭീകരന്‍ പിടിയില്‍. കൊലപാതകവുമായി ബന്ധമില്ലാത്ത നാലു പേര്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ, ഹൈക്കോടതി ഉത്തരവനുസരിച്ചുള്ള പുനരന്വേഷണത്തിലാണ് ഇപ്പോള്‍ യഥാര്‍ഥ പ്രതി അറസ്റ്റിലായത്. ഭീകരസംഘടനയായ ജം ഇയത്തുല്‍ ഹിസാനിയ പ്രവര്‍ത്തകന്‍ ചാവക്കാട് പാലയൂര്‍ കറുപ്പം വീട്ടില്‍ മൊയിനുദ്ദീനെ (49) ആണ് അറസ്റ്റ് ചെയ്തത്. 1994ല്‍ തൊഴിയൂര്‍ സുനേന നഗറില്‍ മണ്ണംകുളത്തില്‍ കുഞ്ഞിമോന്‍-കുഞ്ഞിമ്മു ദമ്പതികളുടെ മകന്‍ സുനിലിനെ (17) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസ് എന്നീ സിപിഎമ്മുകാരെ ഈ കേസില്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവര്‍ ശിക്ഷയനുഭവിച്ചു കൊണ്ടിരിക്കെ 2012ല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സുനില്‍ വധത്തില്‍ ഭീകര സംഘടനയ്‌ക്ക് പങ്കുണ്ടെന്ന് കണ്ടെത്തി. ഈ കണ്ടെത്തലുകള്‍ അന്വേഷണസംഘം ഹൈക്കോടതിക്ക് കൈമാറി. അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി പ്രതികളെ കുറ്റവിമുക്തരാക്കി.
അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകര്‍, ജസ്റ്റിസ് ശങ്കരനാരായണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജം ഇയത്തുല്‍ ഹിസാനിയ നടത്തിയെന്നാരോപിക്കുന്ന എട്ട് കൊലപാതകങ്ങളും പുനരന്വേഷിക്കാന്‍ ഉത്തരവിട്ടു. 2017ല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
കേസില്‍ ആദ്യ പ്രതിയാണ് പിടിയിലായത്. മറ്റൊരു പ്രതിയായ സെയ്തലവി അന്‍വരി തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി നാല് കൊലപാതകക്കേസുകളില്‍കൂടി പ്രതിയാണ്. ഇന്ത്യന്‍ മുജാഹിദ്ദിന്‍ എന്ന ഭീകര സംഘടനയുടെ സ്ഥാപക നേതാവാണ് ഇയാള്‍. പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കെ ദുബായ്‌യിലേക്ക് കടന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ വഴി സിറിയയിലെത്തി ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. തിരൂര്‍ ഡിവൈഎസ്പി കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊയിനുദ്ദീനെ അറസ്റ്റ് ചെയ്തത്.
















