കോന്നി : നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ ബിജെപിക്ക്. തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രനാണ് പിന്തുണയെന്ന് പിറവം പള്ളി മാനേജ്മെന്റ് കമ്മിറ്റിയാണ് പരസ്യ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇടത് വലത് പക്ഷത്തില്‍ നിന്ന് നീതി ലഭിച്ചിട്ടില്ല. സഭയെ വഞ്ചിച്ച ഇടത്- വലത് മുന്നണികള്‍ക്ക് കോന്നി ഉപതെരഞ്ഞെടുപ്പില്‍ സഭാംഗങ്ങളാരും വോട്ടു ചെയ്യില്ലെന്നും അവര്‍ അറിയിച്ചു. പിറവം, പെരുമ്പാവൂര്‍ പള്ളികളില്‍ സഹായവുമായി എത്തിയത് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ മാത്രമാണ്. അതുകൊണ്ടാണ് കെ. സുരേന്ദ്രനായി വോട്ടഭ്യര്‍ഥിക്കാന്‍ തങ്ങള്‍ കോന്നിയില്‍ എത്തിയത്. സുരേന്ദ്രന്‍ വിജയിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. അദ്ദേഹത്തെ ജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ മുതല്‍ ആരംഭിച്ചിട്ടുണ്ട്.
സഭയുടെ പരമാധ്യക്ഷനെ ചീഫ് സെക്രട്ടറിയ്്ക്ക് മുന്നില്‍ ഹാജരാകണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയത് അപമാനകരമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ച്ചയാണ് ഇത്. വലത് മുന്നണിയുടെ ബാഗത്തു നിന്നും നീതിപൂര്‍വ്വമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പള്ളി മാനേജ്മെന്റ് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം ശക്തമാണ്. എന്നിട്ട് പോലും രമേശ് ചെന്നിത്തല വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ലെന്നും നേതാക്കള്‍ പറഞ്ഞു.
പോലീസിന്റെ സാന്നിധ്യത്തില്‍ പോലും ഓര്‍ത്തഡോക്സ് വിശ്വാസികളെ എതിരാളികള്‍ മര്‍ദ്ദിച്ചു. ഒരു കേസ് പോലും പോലീസ് എടുക്കാന്‍ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് സഭയുടെ യുവജനപ്രസ്ഥാനങ്ങളുമായും, സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അവരും അവരുടേതായ രീതിയില്‍ സമൂഹ മാധ്യമങ്ങള്‍ വഴിയും പ്രചാരണം നടത്തുന്നുണ്ട്. സഭാ നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയപ്പോഴും, വിശ്വാസികളെ പീഡിപ്പിച്ചപ്പോഴും സഭയ്‌ക്കൊപ്പം നിന്നത് ബിജെപി നേതാക്കളാണ്. അമ്പതിനായിരത്തോളം സഭാ വോട്ടുകളാണ് കോന്നി മണ്ഡലത്തില്‍ ഉള്ളത്. പിറവം പള്ളി മാനേജ്മെന്റ് കമ്മിറ്റി അംഗം ജോയ് വര്‍ഗീസ്, മലങ്കര ഓര്‍ത്തഡോക്സ് അസോസിയേഷന്‍ മെമ്പര്‍ അംഗം പ്രകാശ് രാജ് എന്നിവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.
















