ടോക്കിയോ: ജപ്പാനില്‍ വീശിയടിച്ച ഹജിബിസ് ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ലക്ഷക്കണക്കിന് വീടുകള്‍ തകര്‍ന്നു. നിരവധിപേരെ കാണാതായിട്ടുണ്ട്. എന്നാല്‍ ഇതുവരെ രണ്ട് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രാദേശിക സമയം 7 മണിയോടെ ടോക്കിയോ നഗരത്തിന് വടക്ക് പടിഞ്ഞാറുള്ള ഇസു പെന്‍സുലയിലാണ് ഹജിബിസ് ആദ്യം വീശിയടിച്ചത്.
അറുപതു വര്‍ഷത്തിനിടെയില്‍ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റിനെയാണ് ജപ്പാന്‍ ഇപ്പോള്‍ നേരിടുന്നത്. ഏതാണ്ട് 40 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ഇതിനിടെ മിനാംബിബോസോയില്‍ 5.7 തീവ്രതയുള്ള ഭൂചലനവും ഉണ്ടായി.
മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗത കൈവരിച്ച കാറ്റ്, കിഴക്കന്‍ തീരത്തിലേക്ക് നീങ്ങുകയാണ്. ഹോന്‍ഷു ദ്വീപ് മേഖലയെയാണ് കൊടുങ്കാറ്റ് സാരമായി ബാധിക്കുക. ടോക്കിയോ തീരത്ത് കനത്ത മഴയും കാറ്റും നാശം വിതക്കുകയാണ്.
2,70,000 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലായി. ജപ്പാനില്‍ നടത്താനിരുന്ന റഗ്ബി ലോകകപ്പ് മത്സരങ്ങളും ഫോര്‍മുല വണ്‍ മത്സരങ്ങളും കൊടുങ്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു.















