ഫാസിസത്തെച്ചൊല്ലിയുള്ള കണ്ഫ്യൂഷന് കാരശ്ശേരിക്ക് ഇനിയും മാറിയിട്ടില്ല. ചിന്തിച്ച് ചിന്തിച്ച് ഒരു കണ്‍ഫ്യൂഷനിസ്റ്റായിരിക്കുകയാണ് പാവം. തേടിയ ഫാസിസം കാലേല് ചുറ്റിയതിന്റെ പായാരം കണ്ടവരോടൊക്കെ പറഞ്ഞ് കരയുകയാണ് ഇപ്പോള്‍ എം.എന്‍. കാരശ്ശേരി.
ഫാസിസം വരുന്ന വഴിയെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന തിരക്കിനിടയിലാണ് മൊഹിയുദ്ദീന്‍ നടുക്കണ്ടിയില്‍ കാരശ്ശേരി എന്ന അറുപത്തെട്ടുകാരന് ബുദ്ധിജീവിക്കെതിരെ കക്കാടംപൊയിലില്‍ ആക്രമണം ഉണ്ടാകുന്നത്. വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങളും താനൊഴിച്ചുള്ള സാംസ്കാരികനായകരും ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന ന്യായമായ ആക്ഷേപം പലതവണ വേദികളില്‍ പരസ്യമായി പറയാനുള്ള തന്റേടം കാട്ടിയിട്ടുണ്ട് കാരശ്ശേരി. അത് പറയുന്നതിന്റെ പേരില്‍തന്നെ ആരും മോദിപക്ഷക്കാരനായി മുദ്രകുത്താതിരിക്കാന്‍ തൊട്ടടുത്ത മണിക്കൂറില്‍ത്തന്നെ ആര്‍എസ്എസിനെയും കടന്നാക്രമിച്ചുകളയും അദ്ദേഹം.
പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും കത്തില്‍ അപ്പടി രാജ്യദ്രോഹമാണെന്നുമൊക്കെ ചൂണ്ടിക്കാട്ടി ബീഹാറിലുള്ള ഒരു പഴയ കോണ്ഗ്രസുകാരന് അവിടുത്തെ കോടതിയില്‍ കൊടുത്ത പരാതിയുടെ പേരില്‍ കത്തില്‍ ഒപ്പിട്ട എല്ലാ എണ്ണത്തിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടതോടെ സടകുടഞ്ഞുണര്‍ന്ന ഫാസിസ്റ്റ് വിരോധികളുടെ കൂട്ടത്തില്‍ മുന്‍പന്തിക്കാരനായിരുന്നു കാരശ്ശേരി. അന്ന് രാത്രി എല്ലാചാനലിലും അന്തിച്ചര്‍ച്ചയില്‍ മുന്തിയ പരിഗണനയായിരുന്നു അദ്ദേഹത്തിന്. സാമൂഹ്യനിരീക്ഷകനായും രാഷ്ട്രീയനിരൂപകനായും സാംസ്കാരികപ്രവര്‍ത്തകനായുമൊക്കെ പലപേരുകളില്‍ ചര്‍ച്ചകളില്‍ അവതരിക്കുന്ന അദ്ദേഹത്തിന് ആ രാത്രി ലവലേശം സംശയമുണ്ടായിരുന്നില്ല ഫാസിസം വരുന്ന വഴിയെപ്പറ്റി. ഒപ്പിടല്‍ സംഘത്തില്‍പ്പെട്ട അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട കോടതിനടപടിയുടെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്നൊക്കെയുള്ള മട്ടിലായിരുന്നു ഫാസിസ്റ്റ് വിരുദ്ധരുടെ ആക്രോശം.
നീണ്ടകാലത്തെ അന്വേഷണത്തിനൊടുവില്‍ ഫാസിസ്റ്റുകളെ കണ്ടുപിടിച്ചതിന്റെ ആത്മരതിയില്‍ അര്‍മാദിച്ചാണ് പിറ്റേന്ന് കാലത്ത് കുളിച്ചൊരുങ്ങി തോള്‍സഞ്ചിയുമെടുത്ത് കൂട്ടുകാരെയും ഒപ്പം കൂട്ടി കക്കാടംപൊയില്‍ വാട്ടര്‍തീം പാര്‍ക്ക് കാണാന്‍ ഒരുമ്പെട്ടിറങ്ങിയത്. നരേന്ദ്രമോദിയുടെ ഫാസിസം വണ്ടി പിടിച്ച് ഇങ്ങ് കേരളത്തിലെത്തുംമുമ്പ് കാണാത്ത കാഴ്ചകളൊക്കെ ഒന്നു കണ്ടുകളയാം എന്നല്ലാതെ മറ്റൊരുദ്ദേശ്യവും അദ്ദേഹത്തിനും കൂട്ടര്‍ക്കുമുണ്ടായിരുന്നില്ലത്രെ. എന്നിട്ടും കുറച്ചാളുകള്‍ചേര്‍ന്ന് കാരശ്ശേരിയെയും കൂട്ടരെയും കയ്യേറ്റംചെയ്തു. പിടിച്ചു തള്ളി. തോള്‍സഞ്ചി വലിച്ചെറിഞ്ഞു.
ഫാസിസം ബീഹാറിലെ കോടതിയിലൂടെ മോദി നേരിട്ട് നടപ്പാക്കിയ ഉരുപ്പടിയാണെന്ന് തലേന്ന് രാത്രി പ്രഖ്യാപിച്ചതിന്റെ ആലസ്യം വിട്ടുമാറുന്നതിന് മുന്‍പാണ് കക്കാടംപൊയിലില്‍ ഈ തലോടല്‍ ഉണ്ടാകുന്നത്. തന്നെപ്പോലൊരു സാംസ്കാരിക, പരിസ്ഥിതി, മുന്നണിപ്പോരാളിയെ കണ്ണും മൂക്കുമില്ലാതെ തലോടിയതില്‍ കേരളം പ്രതികരിക്കാത്തതെന്തെന്ന ആശയക്കുഴപ്പത്തിലാണ് കാരശ്ശേരി.
നിലമ്പൂര്‍ എംഎല്‍എ എടവണ്ണക്കാരന് അന്‍വറിന്റെ ഗുണ്ടകളാണ് തന്നെ കയ്യേറ്റംചെയ്തതെന്നാണ് കാരശ്ശേരി പറയുന്നത്. അന്‍വറെന്നത് ഒരു വ്യക്തിയല്ല, ഒന്നാന്തരം മാര്‍ക്കറ്റാണ്. മാര്‍ക്കറ്റിന് മലയാളം വേറെയുണ്ടെന്ന് കാരശ്ശേരിക്ക് നന്നായി അറിയാം. എടവണ്ണയിലെ പഴയ കോണ്ഗ്രസ്സുകാരന് ഷൗക്കത്തലിയുടെയും മറിയുമ്മയുടെയും മൂന്നാമത്തെ സന്താനമായ പി.വി. അന്‍വര്‍, ആയ കാലമത്രയും കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും കളിച്ച് കച്ചവടവും നടത്തി പൂത്തകാശുമൊക്കെയായി വിലസുന്ന കാലത്താണ് കോണ്‍ഗ്രസ്സിനേക്കാള്‍ മുന്തിയ ചന്തപ്രേമികള്‍ കമ്മ്യൂണിസ്റ്റുകളാണെന്ന് അന്‍വറിന് ബോധ്യമായത്. അങ്ങനെയാണ് ബൂര്‍ഷ്വാ ആയിരുന്ന അന്‍വര്‍ കമ്മ്യൂണിസ്റ്റായത്.
കമ്മ്യൂണിസ്റ്റുകളിലെ വലതന്മാര്ക്ക് ഇതത്ര പിടിക്കാതിരുന്നതുകൊണ്ട് അന്‍വറിന്റെ കച്ചവടത്തിനൊക്കെ അവര്‍ ഇടങ്കോലിട്ടു. അതിനുള്ള പക അന്‍വര്‍ തീര്‍ത്തത് ഏറനാട് തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിച്ചുകൊണ്ടാണ്. വാങ്ങിയ കാശിന് വോട്ട് വില്‍ക്കുന്ന പാരമ്പര്യസൂക്കേട് കലശലായ സിപിഎമ്മായിരുന്നു അന്‍വറിന്റെ കൂട്ടാളി. 2014ല്‍ സിപിഐയുടെ സത്യന്‍മൊകേരിക്കെതിരെ വയനാട് ലോക്സഭയില്‍ സ്വതന്ത്രനായി മത്സരിച്ച് ഒന്നാന്തരം തങ്കത്തില്‍ പൊതിഞ്ഞ 37,123 മാര്‍ക്സിസ്റ്റ് വോട്ടുകള്‍ വാങ്ങിയതും അന്‍വറിന്റെ മാര്‍ക്കറ്റ് ടെക്നോളജിയുടെ ഭാഗമായിരുന്നു. 2016ല്‍ നിലമ്പൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി വാട്ടര്‍തീംപാര്‍ക്ക് മുതലാളി അവതരിച്ചത് ഇതിന്റെ തുടര്‍ച്ചയായാണ്.
കമലച്ചേച്ചിയും പിണറായി മുതലാളിയും കൂടി കേരളത്തിലേക്ക് നിക്ഷേപം വശീകരിക്കാന്‍ ഗള്‍ഫ്നാടുകള്‍ കറങ്ങുന്ന കാലത്താണ് പങ്കാളിത്തജനാധിപത്യത്തിന്‍ കാവലാളായ അന്‍വര്‍ എംഎല്‍എ സാംസ്കാരിക നായകനായ കാരശ്ശേരിയുടെ മേലും കയ്യേറ്റം നടത്തുന്നത്. അജിതയും സി.ആര്. നീലകണ്ഠനും കെ.എം. ഷാജഹാനുമൊക്കെയടങ്ങുന്ന ഫാസിസ്റ്റ്വിരുദ്ധ പോരാളികള്‍ തങ്ങള്‍ക്ക് കക്കാടംപൊയിലില്‍ പോകാന്‍ അന്‍വറിന്റെ ഔദാര്യം വേണ്ട എന്നാണ് ഇപ്പോള്‍ പറയുന്നത്. അപ്പോള്‍ അന്‍വറിനെതിരെ ഒരു കൂട്ടക്കത്തിന് സ്കോപ്പുണ്ട്. അതും പിണറായി മുതലാളിക്ക് നല്‍കാനുള്ള കത്ത്. ബീഹാര്‍കോടതിയില്‍ പരാതി നല്കിയ കോണ്‍ഗ്രസ്സുകാരനെപ്പോലെയല്ല അന്‍വര്‍. പിണറായി കോര്‍പ്പറേറ്റിലെ ഒരു എംഎല്‍എ ആണ്. ഉത്തരവാദിത്വം മുതലാളിക്കുണ്ടെന്ന് വ്യക്തം. കോഴിക്കോട് കളക്ടര്‍ അനധികൃതമെന്ന് എഴുതിവെച്ചതാണ് അന്‍വറിന്റെ വാട്ടര്‍തീം പാര്‍ക്ക്. പണം തട്ടിപ്പും ഭൂമികയ്യേറ്റവുമടക്കം ഏതാണ്ടെല്ലാ ഉഡായിപ്പും കയ്യിലുള്ള ഒരു ഉരുപ്പടിയാണ് ഫാസിസ്റ്റുകളെ നേരിടാനുള്ള മാര്‍ക്സിയന്‍ മുന്നേറ്റത്തിന് നിലമ്പൂരിലെങ്കിലും ചുക്കാന്‍ പിടിക്കുന്നതെന്ന് കാരശ്ശേരി അറിയുന്നത് നല്ലതാണ്. പിണറായി മുതലാളിക്ക് കൂട്ടക്കത്തെഴുതാന്‍ വല്ല പദ്ധതിയുമുണ്ടെങ്കില്‍ എല്ലാവശവും ഒന്നിരുത്തി പരിശോധിച്ചിട്ടുവേണം എന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: