ആദ്ധ്യാത്മികരംഗത്ത് ഒരു സംഘടന അമ്പത്തിമൂന്ന് വര്‍ഷം പ്രവര്‍ത്തനത്തിലുണ്ടാവുക എന്നത് ചെറിയ കാര്യമല്ല. തീര്‍ച്ചയായും വലിയ കാര്യംതന്നെയാണ്. അതും പൊട്ടിത്തെറികളും അഭിപ്രായഭിന്നതകളും ഒന്നും ഏശാതെയാണ് കേരള ക്ഷേത്രസംരക്ഷണ സമിതി അഞ്ച് പതിറ്റാണ്ടിലേറെക്കാലം തുടര്‍ച്ചയായി കര്‍മ്മരംഗത്ത് നിറഞ്ഞുനിന്നത്. അതിന് കാരണം, ഒരുപക്ഷേ, അനുശാസനം ശീലമാക്കിയ ഒരു സംസ്കാരത്തില്‍നിന്നും വന്നവര്‍ അതിന്റെ ജീവല്‍ഘടകമായി പ്രവര്‍ത്തിക്കുന്നതാകാം. ക്ഷേത്രസംരക്ഷണ സമിതിയുടെ അമ്പത്തിമൂന്നാമത് സംസ്ഥാന വാര്‍ഷികസമ്മേളനം ഇന്നും നാളെയുമായി എറണാകുളത്ത് ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടക്കുകയാണ്. മികച്ച സംഘടനാപാരമ്പര്യം നിലനില്ക്കാന് പാകത്തിനുള്ള അസ്ഥിവാരമുറപ്പിച്ച സ്ഥാപകനേതാക്കളായ കേളപ്പജിയെയും മാധവ്ജിയെയും നമുക്ക് കേരള ഹിന്ദുക്കള്‍ക്ക് ആദ്യമേ പ്രണമിക്കാം.
ഇന്നത്തെ അവസ്ഥയില്‍, ഒന്ന് പുറകോട്ട് എത്തിനോക്കുമ്പോള്‍ ബോധ്യപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മയാവഹമാണ്. ക്ഷേത്രസംരക്ഷണ സമിതി എന്ന സംഘടനയുടെ ഭാവനക്കപ്പുറമെത്തി, അവിടെ സംഭവിച്ച പരിണാമങ്ങള്‍. സമിതിയുടെ ആരംഭകാലത്ത് തകര്‍ന്നടിഞ്ഞ ക്ഷേത്രപ്രദേശങ്ങളിലെ കുറേയാളുകള്‍ മാത്രമായിരുന്നു സംഘടനയെന്ന് പറയാന്‍. പക്ഷേ അവര്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ മുന്‍കൈയെടുത്ത് ചില ക്ഷേത്രങ്ങള്‍ നവീകരിച്ചു. സ്വര്‍ഗീയ മാധവ്ജി കൂടി അതിന്റെ നേതൃത്വത്തില്‍ എത്തിയതോടെ ആ ശ്രമങ്ങള്‍ ഒരു പ്രസ്ഥാനമായി മാറി.
ഈ ശ്രമങ്ങള്‍ സമൂഹത്തില്‍ വലിയ ആത്മവിശ്വാസമാണുണ്ടാക്കി. സമിതിയുടെ പ്രവര്‍ത്തനമാതൃക കണ്ട്, സാധാരണക്കാരായ ഗ്രാമീണര്‍ ഉത്സാഹഭരിതരായി ഉയര്‍ത്തിക്കൊണ്ടുവന്ന ക്ഷേത്രങ്ങള്‍ ഏറെയാണ്. അതിന് ചില കാരണങ്ങളുണ്ടായിരുന്നു. എല്ലാകാര്യങ്ങളും ചര്‍ച്ചയ്ക്ക് വിഷയീഭവിക്കേണ്ടതാണെങ്കിലും പ്രധാന വസ്തുത, വളര്‍ന്നുവന്ന ആത്മവിശ്വാസമാണ്. തങ്ങളുടെ ശ്രമങ്ങള്‍ക്ക് പുറകില്‍ ഒരു അഖിലഭാരതീയ സംഘടനതന്നെ ഉണ്ടെന്ന യാഥാര്‍ത്ഥ്യം ഒരു പ്രസ്ഥാനവുമായി ബന്ധമില്ലാത്തവര്‍ക്കിടയില്‍പോലും വലിയ തന്റേടം സൃഷ്ടിച്ചു.
പൊട്ടിയ ബിംബങ്ങള്‍ക്ക് പകരം കണക്കുതെറ്റാത്ത പ്രതിഷ്ഠകള്‍വന്നു. മുഖശ്രീ ചാര്‍ത്തി ഗോളകകള്‍. ഇളക്കിയ ബലിക്കല്ലുകള്‍ പുനഃപ്രതിഷ്ഠിച്ചു. സോപാനത്തിന് അഴക് ചാര്‍ത്താന്‍ ചെമ്പിലും പൊന്നിലും പാളികള്‍ പാകി. ബലിപ്പുരകളും ആനക്കൊട്ടിലുകളും പടുത്തുയര്‍ത്തി. കൊടിമരവും ചുറ്റമ്പലങ്ങളും കൂത്തമ്പലങ്ങളും പുറംമതിലും ഒക്കെയായി ക്ഷേത്രസങ്കേതങ്ങള്‍ ശബ്ദമുഖരിതമായി. ശംഖനാദവും മണിനാദങ്ങളും ഉഷപ്പുലരികളെ സജീവമാക്കി. ഭക്തജനങ്ങള്‍ കാണിക്കയര്‍പ്പിച്ച് തുടങ്ങി. ക്ഷേത്രസംസ്കാരം അങ്ങനെ പുനഃസ്ഥാപിക്കപ്പെട്ടു. എങ്കിലും പല മഹാക്ഷേത്രങ്ങളും സര്‍ക്കാര്‍വക ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലായി. ബോര്‍ഡിന്റെ ഭരണവൈകല്യങ്ങള്‍, ക്ഷേത്രജീവനക്കാരെ യഥാര്‍ത്ഥ ‘തൊഴിലാളി’കളാക്കാന്‍ പോന്ന വിധത്തിലായിരുന്നു. രണ്ട് മൂന്ന് കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ മാറിമാറി വന്നതോടെ ക്ഷേത്രങ്ങളോടുള്ള ഭരണകൂടസമീപനം വീണ്ടും വിഷയമായി.
ജന്മിത്ത കാലഹരണവും ജന്മി കുടിയാന് ബന്ധത്തിലെ വിള്ളലുകളും തകര്‍ച്ചയും സൃഷ്ടിച്ച സാംസ്കാരിക നിരാസം മറ്റേതെങ്കിലും നല്ല സംസ്കാരംകൊണ്ട് പരിഹരിക്കപ്പെട്ടില്ല. ടിപ്പു മുതല്‍ കമ്യൂണിസം വരെ (1782, 1982 വിശാല ഹിന്ദുസമ്മേളനം) ഉണ്ടായിരുന്ന പ്രഹരശേഷി ക്രമേണ ക്ഷയോന്മുഖമായി. 200 വര്‍ഷക്കാലം കൊണ്ടുണ്ടായ നാനാവിധ അധിനിവേശങ്ങളുടെ കരിനിഴല്‍ ഒരു പരിധിവരെ മാഞ്ഞത് സമിതിയുടെ ക്ഷേത്രസംരക്ഷണ ശ്രമം കൊണ്ടുകൂടിയാണ്. ഈ സമയമാകുമ്പോഴേക്കും പ്രധാന ക്ഷേത്രങ്ങളെല്ലാം സര്‍ക്കാരധീനത്തിലായി. ക്ഷേത്ര നടത്തിപ്പിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഇത്തരം ക്ഷേത്രങ്ങളോട് ജനങ്ങള്‍ സഹകരിച്ചെങ്കിലും ഒരു ‘മമതാബന്ധം’ എവിടെയോ നഷ്ടപ്പെട്ട പ്രതീതി എല്ലായിടങ്ങളിലും കാണപ്പെട്ടു. ഒരു കൂട്ടായ്മയുടെ രസതന്ത്രം പ്രവര്‍ത്തിച്ചതായി തോന്നിയില്ല.
ഇതരസ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുവരുന്നതും മുളച്ചുപടര്‍ന്ന് പന്തലിക്കുന്നതും കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ നടന്നുകൊണ്ടിരിക്കുന്നു. കൂട്ടുകുടുംബങ്ങള്‍ ഏതാണ്ട് നിലച്ച ഘട്ടമായി. കുടുംബകാരണവര് എന്നത് സങ്കല്‍പ്പം മാത്രമായി. 76ലെ ഹിന്ദു പിന്തുടര്ച്ചാവകാശ നിയമവും ഭൂപരിഷ്കരണവും എല്ലാംചേര്‍ന്ന് സൃഷ്ടിക്കപ്പെട്ട പോരായ്മകള്‍ക്ക്, സാമുദായിക സംഘടനകളുടെ വളര്‍ച്ച ഒരളവുവരെ, പരിഹാരമാകാന്‍ തുടങ്ങി. കൂട്ടുകുടുംബങ്ങളുടെ തിരോധാനം, കാരണവന്മാരായ സ്ഥാനീയന്മാരുടെ ഇല്ലായ്മ, ഇതൊക്കെ കുടുംബങ്ങളെയും വ്യക്തികളെയും മറ്റൊരുവഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ‘നമുക്കും വേണ്ടേ ക്ഷേത്രം’ എന്ന ചിന്ത പൊതുവേ കണ്ടുതുടങ്ങി. എത്തിച്ചേര്‍ന്നതോ കുടുംബപരദേവതകളെ അന്വേഷിച്ച് ജ്യോതിഷികളുടെ മുന്നിലെ ‘ക്യൂ’വില്‍. കുടുംബട്രസ്റ്റുകള്‍, സ്വകാര്യട്രസ്റ്റുകള്‍ ഒക്കെയായി ഓരോരോപ്രദേശത്തും പുതിയ അമ്പലങ്ങളും ഭജനകേന്ദ്രങ്ങളും ഉയര്‍ന്നുതുടങ്ങി. അതിലൂടെ സകലവിഭാഗം ജനങ്ങളുടെയും പരദേവതകള്‍ക്ക് കൈകാലുകളും കണ്ണും ചെവിയുമൊക്കെ രൂപപ്പെട്ട് മനോഹരമായ ബിംബങ്ങള്‍ സ്ഥാപിതമായി. അതില്‍ മാടനും മറുതയും ചിന്നുവും ചാമുണ്ഡിയും ചാവുണ്ണിയും നമ്പൂരിശ്ശനും വിഷ്ണുമായയും എല്ലാം പ്രത്യക്ഷപ്പെട്ട് മൂര്‍ത്തീഭവിച്ചു. പ്രജകള്‍ക്ക് സമത്വബോധത്തോടെയുള്ള രാഷ്ട്രീയസ്വാതന്ത്ര്യം വന്നതുപോലെ ഇത്തരം മൂര്‍ത്തികള്‍ക്കും സാഫല്യമായ സങ്കേതമുണ്ടായി. ഈ പരിണാമപ്രക്രിയയില്‍ ഒരു വ്യക്തിക്കും സംഘടനയ്ക്കും ഒന്നുംതന്നെ സ്വാധീനം ചെലുത്താനൊത്തില്ല. അത് കാലം രൂപം കൊടുക്കുന്ന ആകൃതിയും പ്രകൃതിയുമാണ്. ചെയ്യാനാവുന്നത് ആ പ്രതിഭാസത്തെ തങ്ങള്‍ക്കനുകൂലമായി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
സാമുദായികമായി സംഘടിതരെങ്കിലും സംസ്ഥാനതലത്തില്‍ ഒരു ഏകീകൃത വീക്ഷണമില്ലാത്ത ജനത, അവരുടെ കുടുംബക്ഷേത്രങ്ങളെയും മറ്റും സംസ്ഥാപിക്കാന്‍ തന്നെ തയ്യാറായി. എത്രതന്നെ പരിഷ്കൃതമായി എവിടെ ജീവിച്ചാലും തന്റെ വേരുകള്‍ അന്വേഷിക്കുക മനുഷ്യ സ്വഭാവമാണ്. ഗുരുക്കന്മാരുടെ കീഴില്‍ കുലങ്ങളോ മഠമന്ദിര സംസ്കാരമോ അല്ല കേരളീയപാരമ്പര്യം. ഓരോ കുടുംബങ്ങള്‍ക്കും ഒരു കുടുംബദേവതാ സങ്കല്‍പ്പമുണ്ട്. ആ സങ്കല്പം തലമുറകള്‍ കൈമാറിയാണ് ഓരോ സമൂഹവും ജീവിച്ചുപോന്നത്. അവയെ കണ്ടെത്താനും സാധിതപ്രായമാക്കാനും വേണ്ട ശ്രമങ്ങള്‍ നടന്നുവന്നു. അണുകുടുംബ ബാഹുല്യവും വന്‍ ക്ഷേത്രങ്ങളില്‍ നമുക്കവകാശമില്ലെന്ന തോന്നലും, രാഷ്ട്രീയമായി നേടിയ സമത്വഭാവനയും സമ്മേളിച്ചപ്പോള്‍, ഇത്തരം ക്ഷേത്രങ്ങള്‍ ഉയര്‍ന്നുവന്നു എന്നതാണ് സത്യം. സമിതി ഇത്തരം സ്ഥാപനങ്ങളില്‍ എന്തെങ്കിലും നിര്‍ണായകസ്വാധീനം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന കാര്യം ഈ വാര്‍ഷിക സമ്മേളനത്തോടെ ഉരുത്തിരിയും എന്ന് പ്രതീക്ഷിക്കാം.
(ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനം സ്വാഗതസംഘം ജനറല്‍ കണ്‍വീനറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: