കൊച്ചി: അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഗര്‍ഭിണിയായ യുവതിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ നടത്തിയ ഭ്രൂണശസ്ത്രക്രിയയിലൂടെ ഗര്‍ഭസ്ഥശിശുവിന്റെയും അമ്മയുടെയും ജീവന്‍ രക്ഷിച്ചു. കുട്ടി ജനിക്കുന്നതിനുമുമ്പുള്ള ഭ്രൂണത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയയിലെ നാഴികക്കല്ലാണിത്.
ഇരുപത്തിയൊന്ന് ആഴ്ച മാത്രം പ്രായമായ ഭ്രൂണത്തിന്‍റെ വലത് ശ്വാസകോശത്തില്‍ വലിയൊരു മുഴ രൂപപ്പെട്ടിരുന്നു. മുഴയുടെ വളര്‍ച്ച ഹൃദയത്തിലും സാധാരണരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന വലത് ശ്വാസകോശത്തിലും വലിയ സമ്മര്‍ദ്ദം ഏല്‍പ്പിച്ചിരുന്നു. ഇതിന്‍റെ ഫലമായി ഭ്രൂണത്തിന്‍റെ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലായിരുന്നെങ്കില്‍ കുട്ടി മരിച്ചുപോകുന്ന സ്ഥിതിയായിരുന്നുവെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി. ‘മിറര്‍ സിന്‍ഡ്രോം’ എന്ന അവസ്ഥമൂലം അമ്മയ്‌ക്കും ആപത്തുണ്ടാകാവുന്ന സാഹചര്യമായിരുന്നു. മുഴ വളരാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഭ്രൂണത്തിന്‍റെ പ്രശ്‌നങ്ങള്‍ അമ്മയുടെയും കുട്ടിയുടെയും ജീവന്‍ അപകടത്തിലാക്കിയേനെ.
അമൃത ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജനായ ഡോ. മോഹന്‍ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഫീറ്റല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്‍റായ ഡോ. വിവേക് കൃഷ്ണന്‍, ഫീറ്റല്‍ അനസ്‌തേഷ്യസ്റ്റായ ഡോ. രേഖാ വര്‍ഗീസ്, ഗൈനക്കോളജിസ്റ്റ് ഡോ. സരള ശ്രീധര്‍ എന്നിവരടങ്ങുന്ന സംഘമാണ് അപൂര്‍വമായ ഭ്രൂണശസ്ത്രക്രിയ നടത്തിയത്.
ലേസര്‍ തെറാപ്പിയുടെ സഹായത്തോടെ ഗര്‍ഭപാത്രത്തിനുള്ളില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഭ്രൂണത്തിന്റെ ശ്വാസകോശത്തിലുണ്ടായ ട്യൂമറിലേയ്‌ക്കുള്ള രക്തയോട്ടം ഡോക്ടര്‍മാര്‍ തടസപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഒരാഴ്ചയ്‌ക്കുള്ളില്‍ മുഴയുടെ വലിപ്പം പകുതിയായി കുറഞ്ഞു. ഹൃദയത്തിന്റെ തകരാറുകള്‍ പൂര്‍ണമായും മാറുകയും ഗര്‍ഭകാലം പ്രശ്‌നങ്ങളില്ലാതെ തുടരുകയും ചെയ്യുന്നു.
















