മലപ്പുറം : എം.എന്‍. കാരശ്ശേരി ഉള്‍പ്പടെയുള്ള സംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം ഉണ്ടായതില്‍ പ്രതിഷേധിച്ച് സിപിഎമ്മില്‍ കൂട്ടരാജി. നിലമ്പൂര്‍ കക്കാടംപൊയിലെ അനധികൃത നിര്‍മാണം പരിശോധിക്കാനെത്തിയപ്പോഴാണ് ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്.
കക്കാടംപൊയില്‍ സിപിഎം എംഎല്‍എ പി.വി. അന്‍വര്‍ നിയമ വിരുദ്ധമായി തടയണ നിര്‍മിച്ചതായി നേരത്തെ അരോപണം ഉയരുകയും സംഭവം വിവാദമാവുകയും ചെയ്തതാണ്. കാരശ്ശേരിയെ ആക്രമിച്ചതിനു പിന്നില്‍ എംഎല്‍എയുടെ ഗുണ്ടാ സംഘമാണെന്നും ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വെണ്ടേക്കുംപൊയിലിലെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ 50 പേരാണ് രാജിവെച്ചത്. ഡിവൈഎഫ്‌ഐ വെണ്ടേക്കുംപൊയില്‍ യൂണിറ്റ് സെക്രട്ടറി കെ.സി. അനീഷ് അടക്കമുള്ളവരാണ് പാര്‍ട്ടി വിട്ടത്. ഇവരെല്ലാം സിപിഐയില്‍ ചേര്‍ന്നതായി നേതാക്കള്‍ അറിയിച്ചു.
ചൊവ്വഴ്ച സിപിഐ മണ്ഡലം സെക്രട്ടറി ഷഫീര്‍ കിഴിശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന കണ്‍വന്‍ഷനിലും ഇവര്‍ പങ്കെടുത്തു. വെണ്ടേക്കുംപൊയിലില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി എ.ടി. സക്കറിയയെ കണ്‍വീനറായി തെരഞ്ഞെടുത്തു. നിലമ്പൂരിലെ സിപിഎം നേതാക്കള്‍ പി.വി. അന്‍വര്‍ എംഎല്‍എയുടെ ക്വട്ടേഷന്‍ സംഘമായി പ്രവര്‍ത്തിക്കുകയാണെന്ന് പാര്‍ട്ടിവിട്ടവര്‍ കുറ്റപ്പെടുത്തി.
മേഖലയിലെ ആദിവാസികളുടെ ശുദ്ധജലലഭ്യത ഇല്ലാതാക്കിയാണ് ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മിച്ചത്. വാട്ടര്‍ തീം പാര്‍ക്ക്, റിസോര്‍ട്ടുകള്‍, പന്നി ഫാം, കുടിവെള്ള ഫാക്ടറി തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പാര്‍ട്ടിക്കു പലതവണ പരാതി നല്‍കിയിട്ടും ഇടപെട്ടില്ല.
പ്രദേശത്തെ അനധികൃത നിര്‍മാണങ്ങള്‍ നേരില്‍ കാണാന്‍ സാംസ്‌കാരിക പ്രവര്‍ത്തകരെ ഇനിയും ഇവിടേയ്‌ക്കു ക്ഷണിക്കുമെന്നും അവര്‍ക്കു സംരക്ഷണമൊരുക്കുമെന്നും കെ.സി.അനീഷ്, എന്‍.സി.പ്രിജേഷ്, ബാബു പാറത്താഴത്ത്, എന്‍.ജി.സിനോജ് എന്നിവര്‍ അറിയിച്ചു.
















