ന്യൂദല്‍ഹി : ഭാരത മാതാവിനെ അധിക്ഷേപിക്കുന്നത് ഒരു വിധത്തിലും അംഗീകരിച്ചു തരാനാവില്ല. അവരെ ജയിലലടയ്‌ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാരതത്തിനെ ചെറിയ കഷ്ണമാക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതാംബയെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പ്രസംഗങ്ങള്‍ അനുവദിച്ചു കൊടുക്കാന്‍ സാധിക്കില്ല. ഇത്തരത്തിലുള്ള പ്രസ്താവന ആര് നടത്തിയാലും തക്ക നടപടി സ്വീകരിക്കും. ഹരിയാന ലോഹരുവില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ല്‍ ജെഎന്‍യുവില്‍ ഭാരതത്തിനെ കഷ്ണം കഷ്ണമാക്കുമെന്ന് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യ ആസൂത്രകനായ അഫ്‌സല്‍ ഗുരുവിന്റ വധശിക്ഷയുമായി ബന്ധപ്പെട്ടാണ് ജെഎന്‍യു ക്യാമ്പസ്സില്‍ ഈ രാജ്യദ്രോഹ കുറ്റം അരങ്ങേറിയത്. കേസിലെ കന്‍ഹയ്യ കുമാര്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രവും വിചാരണയുള്‍പ്പടെയുള്ള നടപടിക്രമങ്ങളും ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിജയദശമിയോട് അനുബന്ധിച്ച് ഫ്രാന്‍സില്‍ റഫാല്‍ വിമാനം ഏറ്റുവാങ്ങുന്നതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ശസ്ത്ര പൂജ നടത്തിയതിനെ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തിയതിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ശസ്ത്ര പൂജ നടത്തുന്നത് വളര പഴക്കം ചെന്ന ഭാരതത്തിന്റെ സംസ്‌കാരമാണ്. ഇതൊന്നും മനസ്സിലാക്കാതെയാണ് പ്രതിപക്ഷ നേതാക്കള്‍ പ്രതികരിക്കുന്നത്.
ഇതു കൂടാതെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. രാജ്യത്തെ ജനങ്ങളെയെല്ലാം യോജിപ്പിച്ച് നിര്‍ത്തുന്നതിനായാണ്. അല്ലാതെ രാഷ്‌ട്രീയ നീക്കമല്ല. എന്നാല്‍ കോണ്‍ഗ്രസ് മാത്രം ഇതിനും എതിരാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ക്കുന്നതിന്റെ മുഖ്യ കാരണം എന്തെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പല പ്രസ്താവനങ്ങളും സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പോസ്റ്റുകളും പാക്കിസ്ഥാന്‍ ആയുധമാക്കി യുഎന്നില്‍ അവതരിപ്പിച്ചിരുന്നു. ഇത് വിവാദമായതോടെ ഇന്ത്യയുടെ ആഭ്യന്തര കാര്യം എന്ന് അറിയിച്ച് രാഹുല്‍ ഇവയെല്ലാം പിന്‍വലിക്കുകയായിരുന്നു.
















