ന്യൂദല്‍ഹി: ഐഎന്‍എസ് വിക്രാന്ത് യുദ്ധക്കപ്പലിന്റെ നീറ്റിലിറക്കല്‍ ചടങ്ങ് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് കപ്പലില്‍ കുരിശ് വരച്ച് നിര്‍വഹിച്ചപ്പോള്‍ മൗനത്തിലായ ഇടതു ലിബറലുകളും കോണ്‍ഗ്രസ്സും റഫാല്‍ യുദ്ധവിമാനത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഓം വരച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്ത്.
വിജയദശമിദിനമായിരുന്ന ചൊവ്വാഴ്ച ഫ്രാന്‍സില്‍ നടന്ന ചടങ്ങില്‍ ആയുധ പൂജ നടത്തിയാണ് ആദ്യ റഫാല്‍ യുദ്ധവിമാനം പ്രതിരോധമന്ത്രി ഏറ്റുവാങ്ങിയത്. വിമാനത്തില്‍ ഓം എന്നെഴുതി, പൂജയ്‌ക്കു ശേഷമാണ് രാജ്‌നാഥ് സിങ് റഫാല്‍ വിമാനം സ്വീകരിച്ചത്. ഇതിനെതിരെ ഇടതു ലിബറലുകളും കോണ്‍ഗ്രസ്സും വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. രാജ്യത്തിന്റെ മതേതരത്വ സ്വഭാവം ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നായിരുന്നു ഇവരുടെ പ്രതികരണം. എന്നാല്‍, പതിറ്റാണ്ടുകളായി ഇന്ത്യന്‍ സായുധ സേനകള്‍ തുടര്‍ന്നു പോരുന്ന രീതി മാത്രമാണിത്.
യുദ്ധവിമാനം, യുദ്ധക്കപ്പല്‍ തുടങ്ങി ഏതുതരം ആയുധവും പൂജയ്‌ക്ക് ശേഷം മാത്രമേ സൈന്യം ഉപയോഗിച്ചിട്ടുള്ളൂ. വിശാലമായ സംസ്‌കാരത്തിന്റെ ഭാഗമായ ഇത്തരം ചടങ്ങുകളെ മതത്തിന്റെ പേരില്‍ സങ്കുചിത ചിന്തകള്‍ പ്രചരിപ്പിക്കുന്ന പ്രതിപക്ഷ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. 2013 ആഗസ്ത് 12ന് കൊച്ചിന്‍ കപ്പല്‍ശാലയില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വഹിച്ചത് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യയാണ്. കപ്പലിന്മേല്‍ കുരിശ് വരച്ചു കൊണ്ടായിരുന്നു എലിസബത്ത് ആ ചടങ്ങ് നിര്‍വഹിച്ചത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഇടതു ലിബറലുകള്‍ക്കെതിരെ വലിയ പ്രചാരണമാണ് നടക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആയുധപൂജയ്‌ക്കെതിരെ രംഗത്തെത്തിയവരെ വിമര്‍ശിച്ചു. ബിജെപി ചെയ്യുന്നതെന്തിനെയും വിമര്‍ശിക്കുകയെന്ന നിലവാരത്തിലേക്ക് കോണ്‍ഗ്രസ് താഴ്‌ന്നെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പൂജാചടങ്ങുകള്‍ പോലും മോശമെന്ന് പറയുന്ന നിലയിലേക്ക് കോണ്‍ഗ്രസ് എത്തി. പൈശാചിക ശക്തികള്‍ക്കെതിരായ നന്മയുടെ വിജയമാണ് വിജയദശമി. റഫാല്‍ കരാര്‍ യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും അഭിനന്ദിക്കുന്നതായും ഷാ കൂട്ടിച്ചേര്‍ത്തു.
















