ന്യൂദല്‍ഹി:പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ നിയന്ത്രണം എയര്‍ ഇന്ത്യയില്‍ നിന്ന് എയര്‍ ഫോഴ്സ് എറ്റെടുക്കും. 2020 ജൂലൈ മുതല്‍ പ്രത്യേക വിമാനം ബോയിംഗ് നിയന്ത്രിക്കുന്നത് വ്യോമസേന. എയര്‍ഫോഴ്സ് വണ്‍ എന്ന പേരിലായിരിക്കും പ്രധാന മന്ത്രിക്കുള്ള വിമാനം അറിയപ്പെടുക. ഇതുവരെയും പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖരുടെ വിമാനങ്ങള്‍ നിയന്ത്രിച്ചിരുന്നത് എയര്‍ ഇന്ത്യയാണ്. ബോയിംഗ് 777 എന്ന പുതിയ വിമാനത്തിനായി എയര്‍ ഇന്ത്യ 10 ഓളം ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.അമേരിക്കന്‍ പ്രസിഡന്റ് യാത്രചെയ്യുന്ന ബോയിങ് 747-200ബി വിമാനം പോലെ മിസൈല്‍ പ്രതിരോധ ശേഷി അടക്കമുള്ള പ്രതിരോധ വലയമുള്ള വിമാനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഒരുക്കുന്നത്. അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ വിമാനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന.
നിലവില്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും വിദേശ സന്ദര്‍ശനത്തിന് പോകുന്നത്. അടുത്ത വര്‍ഷം മുതല്‍ രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്ക് ഈ വിമാനമായിരിക്കും ഉപയോഗിക്കുക. ശത്രുക്കളുടെ റഡാര്‍ തരംഗങ്ങളെ സ്തംഭിപ്പിക്കാനും വിമാനജോലിക്കാരുടെ ഇടപെടല്‍ ഇല്ലാതെ തന്നെ മിസൈലുകളെ പ്രതിരോധിക്കാന്‍ സ്വയം സജ്ജമായ മിസൈല്‍ പ്രതിരോധ ശേഷി എന്നിവയും ബോയിങ് 777 വിമാനത്തിന്റെ പ്രത്യേകയാണ്.
വ്യോമസേനയുടെ കീഴിലായാല്‍ പ്രധാന മന്ത്രിയുടെ കോള്‍ ചിഹ്നവും എയര്‍ ഇന്ത്യവണ്ണില്‍ നിന്ന് വ്യോമസേനയിലേക്ക് മാറുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
















