സംബന്ധാധികരണം
ഇതില്‍ മൂന്ന് സൂത്രങ്ങളാണ് ഉള്ളത്.
സൂത്രം- സംബന്ധാദേവ മന്യത്രാപി
അന്യോന്യ സംബന്ധം ഉള്ളതിനാല്‍ ഇതുപോലെ മറ്റ് സ്ഥലത്തും സ്വീകരിക്കണമോ എന്ന സംശയം ഉണ്ടാകുന്നു. ഉപാസിക്കേണ്ട വസ്തുവിന്റെ ഐകരൂപ്യം കാരണമായി മറ്റ് സ്ഥലങ്ങളിലും വിദ്യയുടെ ഏകത്വം തന്നെയാണോ മനസ്സിലാക്കേണ്ടത് എന്നതാണ് ചോദ്യം.
ഉപാസിക്കേണ്ടത് ഒന്നിനെയായതിനാല് വ്യത്യാസം കാണുന്നിടത്ത് ഏകത്വം വേണമോ എന്ന് സംശയം തോന്നുന്നു. ഇങ്ങനെയെങ്കില്‍ എവിടെയൊക്കെയായിരിക്കും വിദ്യയുടെ അഭേദത്തേയും ഭേദത്തേയും ധരിക്കേണ്ടത് എന്നറിയണം. പൂര്‍വപക്ഷത്തിന്റെ ചോദ്യം എന്ന നിലയ്ക്കാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
ബൃഹദാരണ്യകത്തില്‍ സത്യം ബ്രഹ്മ… ദക്ഷിണേ/ക്ഷന്‍ പുരുഷഃ ആ സത്യമായ ബ്രഹ്മം ആദിത്യനാണ്. ഈ കാണുന്ന സൂര്യമണ്ഡലത്തിലും വലതുകണ്ണിലും ആ സത്യ ബ്രഹ്മം ഇരിക്കുന്നു.
ഈ മന്ത്രത്തില്‍ അഹഃ എന്നത് സൂര്യ മണ്ഡലവര്ത്തിയായ അധിദൈവത്തിന്റെയും അഹം എന്നത് അക്ഷി പുരുഷനിലെ അധ്യാത്മത്തിന്റെ പേരായി പറഞ്ഞിരിക്കുന്നു. ഇവിടെ ഉപാസിക്കേണ്ടത് സത്യബ്രഹ്മമായതിനാല് ഈ സ്ഥാന വ്യത്യാസവും ഉപാസനയില്‍ വേറെയായി കാണണമോ എന്നാണ് സംശയം.
സൂത്രം- ന വാ വിശേഷാത്
ഇവിടെ അഭേദം പറയാന്‍ കഴിയില്ല. എന്തെന്നാല്‍ വിശേഷമുള്ളതുകൊണ്ടാണ്. രണ്ടു പുരുഷന്റെയും രഹസ്യ നാമത്തിന്റെയും സ്ഥാനത്തിന്റെയും ഭേദം ഉണ്ട്. ഓരോന്നിനും ഓരോ വിശേഷമുള്ളതിനാല്‍ ഉപാസനയില്‍ ഏകത്വം കല്പിക്കുന്നത് ശരിയല്ല. സ്ഥാനം, നാമം എന്നീ വ്യത്യാസം കൊണ്ട് സത്യബ്രഹ്മത്തിന് ഓരോ വിശേഷം കല്പ്പിക്കുകയാണ് ചെയ്യുന്നത്. അതനുസരിച്ച് ഉപാസനയിലും വ്യത്യാസം ഉണ്ടാകും.
അധിദൈവതനായ പുരുഷനെയും അദ്ധ്യാത്മഗതനായ പുരുഷനെയും ഒരു പോലെ കണക്കാക്കാന്‍ കഴിയില്ല. അതിനാല്‍ വേറെ വേറെ രഹസ്യമായ പേരുകളും നല്കി. ഓരോ സ്ഥാനത്തിരിക്കുമ്പോള്‍ ഓരോ വിശേഷമുണ്ടാവുക സ്വാഭാവികമാണ്. അതിനാല്‍ ഉപാസനയില്‍ ഏകരൂപത്വം സ്വീകരിക്കുന്നത് ശരിയല്ല. സ്ഥാനത്തിന്റെയും പേരിന്റെയും വ്യത്യാസം കാരണം ഒരേ ഉപാസനമെന്നോ ഒരേ വിദ്യയെന്നോ പറയാനാകില്ല.
സൂത്രം- ദര്‍ശയതി ച
ഇത് ശ്രുതിയും കാണിക്കുന്നു.
ഈ തത്വത്തെ ശ്രുതി പ്രകാശിപ്പിക്കുന്നുണ്ട്.
സ്ഥാനത്തിനും പേരിനും വ്യത്യാസം വരുന്ന സ്ഥലങ്ങളില്‍ ഒന്നിന് പറഞ്ഞതായ ഗുണം മറ്റൊന്നിലില്ലെന്ന കാര്യം ശ്രുതി വ്യക്തമാക്കുന്നു. ഛാന്ദോഗ്യോപനിഷത്തില്‍ അക്ഷിയെന്നും ആദിത്യ മണ്ഡലമെന്നും സ്ഥാനഭേദമുണ്ട്. അതു കാരണം വേറെ ധര്‍മ്മങ്ങള്‍ ഒരിടത്ത് ഉള്ളതിനെ മറ്റൊരിടത്ത് ചേര്‍ക്കരുതെന്ന് ശ്രുതി പറയുന്നു. ഇത് രഹസ്യ നാമങ്ങള്‍ ഉപയോഗിക്കാമെന്നതിന്റെ വ്യവസ്ഥയെ കാണിക്കുന്നു. ഓരോ സ്ഥാനത്ത് അതുമായി ബന്ധപ്പെട്ട പേര് എന്നറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: