ന്യൂദല്‍ഹി : വിദേശ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരുടെ ആദ്യഘട്ട വിവരങ്ങള്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സി കൈമാറി. എഇഒഐ(ഓട്ടമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍) പ്രകാരം സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷനാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിദേശ നിക്ഷേപങ്ങള്‍ കൈമാറിയത്.
75 രാജ്യങ്ങളില്‍ നിന്നുള്ള വിദേശ പൗരന്മാരുടെ വിവരങ്ങളാണ് നിലവില്‍ കൈമാറിയിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെ 36 രാജ്യങ്ങളുമായാണ് സ്വിസ് സര്‍ക്കാരിന് എഇഒഐ കരാറുള്ളത്. അക്കൗണ്ടുകളുടെ രഹസ്യാത്മകത സൂക്ഷിക്കുമെന്നും വിവരങ്ങള്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന പ്രഖ്യാപനവുമായാണ് 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത്. ഇതേത്തുടര്‍ന്ന് 2016 ലാണ് ബാങ്ക് അക്കൗണ്ടുകളുടെ വിവരം കൈമാറാന്‍ ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡ് സര്‍ക്കാരും ധാരണയിലെത്തിയത്. ഈ കരാര്‍ 2018 ജനുവരിയിലാണ് പ്രാബല്യത്തിലായത്.
അക്കൗണ്ട് ഉടമയുടെ പേര്, വിലാസം. വിനിമയം ചെയ്ത തുക തുടങ്ങിയ വിവരങ്ങളാണ് ഇന്ത്യയ്‌ക്ക് കൈമാറിയിരിക്കുന്നത്. ടെലികോം, ധനകാര്യസേവനം, സാങ്കേതികരംഗം, ആഭരണവ്യവസായം, തുണിവ്യവസായം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലുള്ള വ്യവസായികളുടെ പേരുകളാണ് ആദ്യഘട്ടപട്ടികയിലെന്നാണ് സൂചന. സജീവമായതും 2018 ല്‍ നിര്‍ജീവമായതുമായ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇതിലുണ്ട്.
രണ്ടാംഘട്ട വിവരങ്ങള്‍ 2020 സെപ്തംബറില്‍ കൈമാറും. ഇത്തരത്തില്‍ 75 രാജ്യങ്ങളിലെ പൗരന്മാരുടെ വിദേശ നിക്ഷേപ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
എഇഒഐ കരാര്‍ പ്രകാരം ഇത്തരത്തില്‍ ആദ്യമായാണ് സ്വിസ് അധികൃതരില്‍ നിന്നും ഇന്ത്യയ്‌ക്ക് വിവരങ്ങള്‍ ലഭിക്കുന്നത്. കര്‍ശ്ശന രഹസ്യ സ്വഭാവമുള്ളതാണ് ഈ കൈമാറ്റം. ബാങ്കുകള്‍ ട്രസ്റ്റുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനറങ്ങള്‍ എന്നിങ്ങനെ 7500 ഓളം സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് കൈമാറിയിരിക്കുന്നത്. ജര്‍മ്മനിയുമായാണ് ഏറ്റവും വലിയ കൈമാറ്റം നടന്നിരിക്കുന്നത്. രാജ്യങ്ങളിലെ താമസക്കാരായ ഇന്ത്യന്‍ വ്യവസായികളെ കുറിച്ചുള്ള വിവരങ്ങളും എഫ്ടിഐ പുറത്തുവിട്ടിട്ടുണ്ട്.
















