ന്യൂദല്‍ഹി : നെഹ്റു കുടുംബത്തിന്റെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കര്‍ശ്ശനമാക്കി. ഇനി മുതല്‍ രാജ്യത്തില്‍ മാത്രമല്ല വിദേശത്തും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവര്‍ക്ക് എസ്പിജി സുരക്ഷ ഒരുക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. മുഴുവന്‍ സമയവും ഇവരെ എസ്പിജി അനുഗമിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. നിലവില്‍ വിദേശയാത്രകളില്‍ ഗാന്ധി കുടുംബം എസ്പിജി സുരക്ഷ ഉപയോഗിക്കാറില്ല. ഏത് രാജ്യത്തേയ്‌ക്കാണോ പോകുന്നത് അവിടെ വരെ സുരക്ഷ ജീവനക്കാരെ ഒപ്പം കൊണ്ടുപോകുകയും എത്തിയ ശേഷം തിരിച്ചയയ്‌ക്കുകയുമാണ് പതിവ്. എന്നാല്‍ അതീവ സുരക്ഷ വേണ്ട സാഹചര്യത്തില്‍ എസ്പിജിയെ പിന്‍വലിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം വിദേശയാത്രകളില്‍ എവിടെയൊക്കെ സന്ദര്‍ശനം നടത്തുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാനും. യാത്രകളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അതും അറിയിക്കാനും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. സുരക്ഷാ മന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് വിദേശ യാത്രകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നേരത്തെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവര്‍ക്കാണ് രാജ്യത്ത് എസ്പിജി സുരക്ഷയുള്ളത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രഹസ്യാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അത് പിന്‍വലിക്കുകയുണ്ടായി.
















