ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. വ്യാഴാഴ്ച മുതല്‍ കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് വിളിച്ചുചേര്‍ത്ത യോഗം ആഭ്യന്തര മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി.
ഭീകരാക്രമണ സാധ്യതയെ തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിനാണ് കശ്മീരില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ അമര്‍നാഥ് തീര്‍ഥയാത്ര ഉള്‍പ്പെടെയുള്ളവ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. സംസ്ഥാനത്തിന്റെ സുരക്ഷ കണക്കിലെടുത്ത് കേന്ദ്ര ഭരണപ്രദേശമാക്കാനും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.
അതിനുശേഷം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതും സംസ്ഥാനത്തെ ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണ്‍ സേവനങ്ങളും ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുകയായിരുന്നു. അതേസമയം സംസ്ഥാനത്തെ വിഘടനവാദി നേതാക്കളില്‍ ചിലര്‍ ഇപ്പോഴും വീട്ടു തടങ്കലിലാണ്. സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും കശ്മീര്‍ താഴ്‌വരയിലെ സമാധാനം തകര്‍ക്കാര്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് ഇവരെ വീട്ടു തടങ്കിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകില്ലെന്ന് ഉറപ്പു നല്‍കിയ വിഘടനവാദി നേതാക്കളെ അടുത്തിടെ മോചിപ്പിച്ചിരുന്നു. അതേസമയം കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ നിയന്ത്രണ രേഖയില്‍ താല്‍കാലികമായി അടച്ചുപൂട്ടിയിട്ടുള്ള ഭീകര ക്യാംപുകള്‍ പാക്കിസ്ഥാന്‍ വീണ്ടും സജീവമാക്കുമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വരും ദിവസങ്ങളില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ക്യാംപുകളില്‍ 20 ഭീകര വിക്ഷേപണ പാഡുകളും 18 പരിശീലന കേന്ദ്രങ്ങളും ഉണ്ടെന്നാണ് സൂചന. ഓരോന്നിലും ശരാശരി 60 ഭീകരര്‍ താമസിക്കുന്നതായാണ് വിവരം.
അതിനിടെ അവന്തിപോരയില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. അവിടെ നിന്നും വന്‍ സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടോയെന്ന് തെരച്ചില്‍ നടത്തി വരികയാണ്.
















