ന്യൂദല്‍ഹി : ആദ്യഘട്ട റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സ് ഇന്ന് ഇന്ത്യയ്‌ക്ക് കൈമാറും. റഫാല്‍ വിമാനം ഏറ്റുവാങ്ങാനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഫ്രാന്‍സിലെത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിദഗ്ധരായ സൈനികരുടെ പരിശീലനം നല്‍കിയശേഷം മെയിലാകും നാല് റഫാല്‍ ഇന്ത്യയിലെത്തിക്കുക.
അടുത്ത ആറുമാസത്തേക്കാണ് സൈനികര്‍ക്ക് ഫ്രാന്‍സില്‍ പരിശീലനം നല്‍കുക. ഫ്രാന്‍സിലെത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. റഫാല്‍ കൈമാറ്റ ചടങ്ങില്‍ രാജ്‌നാഥ് സിങ്ങിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയും പങ്കെടുക്കും.
റഫാല്‍ വിമാനത്തില്‍ പറക്കുന്ന രാജ്‌നാഥ് സിങ് ഫ്രാന്‍സില്‍ ആയുധപൂജയിലും പങ്കുചേരും. 36 റഫാല്‍ വിമാനങ്ങളാണ് ഫ്രാന്‍സിലെ ഡാസോ ഏവിയേഷനില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. 58,000 കോടിയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്.
15.27 മീറ്ററാണ് റഫാല്‍ വിമാനത്തിന്റെ നീളം. റഫാലിന്റെ വേഗം മണിക്കൂറില്‍ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലില്‍ 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാല്‍. മിക്ക ആധുനിക ആയുധങ്ങളും റഫാലില്‍ ഘടിപ്പിക്കാനാകും.
അസ്ട്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്എ റഡാര്‍, പൈത്തണ്‍ 5, ഇസ്രയേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേല്‍ പുറത്തിറങ്ങുക. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താന്‍ ഫ്രാന്‍സ് ഉപയോഗിച്ചത് റഫാലായിരുന്നു.
















