ചരിത്രം പറഞ്ഞ് ചരിത്രം സൃഷ്ടിക്കുകയാണ് ചിരഞ്ജീവിയുടെ 151-ാം ചിത്രം സൈറാ നരസിംഹ റെഡ്ഡി. സൈറാ നരസിംഹ റെഡ്ഡിയെന്ന (ഉയലവാട നരസിംഹ റെഡ്ഡി) നാട്ടുരാജാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യനാളുകളില്‍ നിന്നുമാണ് ചിത്രം തുടങ്ങുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയോട് പടവെട്ടി പരാജയമടഞ്ഞ സൈനികര്‍ കീഴടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ്. പുതുജീവനും ലക്ഷ്യവും പകര്‍ന്ന് റാണി ലക്ഷ്മീ ബായ് അവര്‍ക്ക് മുന്നില്‍ നരസിംഹറെഡ്ഡിയുടെ ചരിത്രം വിവരിക്കുന്നു.
ചരിത്രത്തില്‍ നിന്നും നരസിംഹറെഡ്ഡിയുടെ പേരുമാത്രാണ് സംവിധായകന് സുരേന്ദര്‍ റെഡ്ഡി കടമെടുത്തിട്ടുള്ളത്. നരസിംഹ റെഡ്ഡിയെന്ന നാട്ടുരാജാവിനെ നരസിംഹ അവതാരമാക്കി മാറ്റുകയാണ് സംവിധായകന്. ചിരഞ്ജീവിയുടെ താരപരിവേഷത്തെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി മുന്നേറുന്ന തിരക്കഥ. തിരക്കഥയെ അക്ഷരാര്‍ത്ഥത്തില്‍ അവിസ്മരണീയമാക്കുന്ന സംവിധാന മികവും. ബാഹുബലിക്കുശേഷം തെലുങ്ക് സിനിമാ ലോകത്തെ ഞെട്ടിക്കുന്നു സൈറ നരസിംഹ റെഡ്ഡിയിലൂടെ. മികവാര്‍ന്ന ഗ്രാഫിക്സും സംഘട്ടനരംഗങ്ങളും ബാഹുബലിക്കൊപ്പം ചിത്രത്തെ എത്തിക്കുന്നുണ്ട്.
ബ്രട്ടീഷ് ഈസ്റ്റ്ഇന്ത്യ കമ്പനിയുടെ ധാര്‍ഷ്ട്യത്തിനെതിരെ പടവെട്ടുന്ന അമാനുഷിക അവതാരമായിട്ടാണ് നരസിംഹ റെഡ്ഡിയെ ചിത്രം പരിചയപ്പെടുത്തുന്നത്. ആദ്യത്തെ സ്വാതന്ത്ര്യ സമരവും ഇതുതന്നെയെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു. ഝാന്‍സി റാണിയെക്കൊണ്ട് കഥ പറയിക്കുന്നതിലൂടെ ഭാരതത്തിന്റെ ആദ്യ സ്വാതന്ത്ര്യ സമരസേനാനിയാവുകയാണ് നരസിംഹറെഡ്ഡി.
താരബാഹുല്യം കൊണ്ടും ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. അമിതാഭ് ബച്ചന്, വിജയ് സേതുപതി, കിച്ചാ സുധി, നയന്‍താര, തമന്ന തുടങ്ങിയ താരനിര.
അമാനുഷിക നായക കഥാപാത്രത്തിലൂടെ കഥ പറയുമ്പോഴും സ്ത്രീകഥാപാത്രങ്ങള്‍ ശക്തമായി ചിത്രത്തിലുണ്ട്. രാജ്യം മുഴുവന്‍ തന്റെ നൃത്തത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ തീജ്ജ്വാല ഉയര്‍ത്തുന്ന നര്‍ത്തകി ലക്ഷ്മിയായി തമന്ന ചിത്രത്തില്‍ നിറഞ്ഞുനില്ക്കുന്നു.
തിരക്കഥയിലും സംഭാഷണത്തിലുമുള്ള ദേശസ്നേഹത്തിന്റെ പൂര്‍ണത ചിത്രം ഭാരതീയരെ വൈകാരികതലങ്ങളിലേക്ക് നയിക്കുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: