ന്യൂദൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഹരിയാനയിൽ കോൺഗ്രസ് നേതാവ് അശോക് തൻവാർ രാജിവച്ചു. ഏറെ നാളത്തെ കൂടിയാലോചനകൾക്ക് ശേഷമാണ് എന്റെ വിയർപ്പും രക്തവും കൊണ്ട് വളർത്തിയ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്‌ക്കാൻ തീരുമാനിച്ചതെന്ന് അശോക് തൻവാർ ട്വീറ്റ് ചെയ്തു.
വ്യക്തികളോടല്ല, പാർട്ടിയെ നശിപ്പിക്കുന്ന വ്യവസ്ഥയോടാണ് തനിക്ക് അതൃപ്തിയെന്നും ട്വിറ്ററിൽ പോസ്റ്റു ചെയ്ത നാലു പേജുള്ള രാജിക്കത്തിൽ തൻവാർ വ്യക്തമാക്കുന്നു. ഗുരുതരമായ ആന്തരിക വൈരുദ്ധ്യങ്ങളാണ് പാർട്ടി ഇന്ന് അനുഭവിക്കുന്നത്. കോൺഗ്രസ് വലിയ അസ്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തൻവാറിനെ ഹരിയാന കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു.
തന്റെ അനുയായികൾക്ക് സീറ്റ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സോണിയാഗാന്ധിയുടെ വസതിക്ക് മുന്നിൽ തൻവർ പ്രതിഷേധിച്ചിരുന്നു. ഹരിയാനയ്‌ക്ക് പുറമേ മഹാരാഷ്ട കോൺഗ്രസിലും തമ്മിലടി രൂക്ഷമാണ്. മുംബൈയിൽ കോൺഗ്രസ് തകർന്നടിയുമെന്നാണ് മുൻ മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപം കഴിഞ്ഞ ദിവസം പറഞ്ഞത്. രാഹുലുമായി ബന്ധമുള്ള നേതാക്കളെ പുറത്താക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നാണ് സഞ്ജയ് നിരുപം പറയുന്നത്.
















