തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ദുര്‍വ്യയത്തിന് ഒരു കുറവും ഇല്ലാതെ ഇടത് സര്‍ക്കാര്‍. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണമെന്ന പ്രഖ്യാപനം ജനങ്ങള്‍ക്ക് മാത്രം സര്‍ക്കാരിന് അത് ബാധകമല്ലെന്ന നിലപാടാണ് സിപിഎം, സിപിഐ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.
ഒല്ലൂര്‍ എംഎല്‍എ കെ.രാജനെ ചീഫ് വിപ്പ് ആക്കിയശേഷം നിയമിച്ചത് 13 പേരെയാണ് പേഴ്‌സണല്‍ സ്റ്റാഫ് എന്ന പേരില്‍ നിയമനം നടത്തിയിരിക്കുന്നത്. ഇതില്‍ നാലു പേര്‍ മാത്രമാണ് സര്‍ക്കാര്‍ ജീവനക്കാരായി ഉള്ളത്. ബാക്കിയുള്ളവര്‍ പാര്‍ട്ടി അനുഭാവികളാണ്. സംസ്ഥാനത്തെ ചീഫ് വിപ്പ് പദവി ദുര്‍വ്യയം ആണെന്ന് സിപിഐ തന്നെ പ്രസ്താവന നടത്തിയിട്ടുണ്ട്. അതിനു പിന്നാലെ മറ്റ് കെ. രാജനെ ചീഫ് വിപ്പ് സ്ഥാനം നല്‍കിയപ്പോള്‍ പ്രസ്താവന മറന്ന നിലയിലാണ് ഇപ്പോള്‍ നേതാക്കന്മാര്‍.
ഡ്രൈവറായി രണ്ടുപേരെയും ക്ലാര്‍ക്ക്, പേഴ്‌സണല്‍ അസിസ്റ്റന്റ്, അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ ഓരോ ആളുകളേയും കമ്പ്യൂട്ടര്‍ അസിസ്റ്റന്റായി ഒരാളെയും ഓഫീസ് അറ്റന്‍ഡായി മൂന്നുപേരെയുമാണു നിയമിച്ചിരിക്കുന്നത്. ഇവരാരും സര്‍ക്കാര്‍ ജീവനക്കാരല്ല. പ്രൈവറ്റ് സെക്രട്ടറിയും രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരും സര്‍ക്കാര്‍ സര്‍വീസില്‍നിന്നുള്ളവരാണ്. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത് കൊല്ലത്തെ സ്‌കൂള്‍ ജീവനക്കാരിയെ. സര്‍ക്കാര്‍ സര്‍വീസില്‍ ഇല്ലാതെ പഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുന്നവര്‍ രണ്ട് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ ആജീവനാന്തം പെന്‍ഷന്‍ വാങ്ങാം എന്നൊരു പഴുത് കൂടി ഒളിപ്പിച്ചാണ് പാര്‍ട്ടി നേതൃത്വം ഇത്തരത്തില്‍ വേണ്ടപ്പെട്ടവരെ തിരുകി കയറ്റുന്നത്. മറ്റൊരിടത്തും ഈ സൗകര്യമില്ല.
രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പഴ്‌സണല്‍ സ്റ്റാഫിലുള്ള ചിലരെ പരിച്ചുവിട്ടു പുതിയ ആളുകളെ ഉള്‍പ്പെടുത്തുന്ന രീതിയുമുണ്ട്. പരമാവധി പാര്‍ട്ടി അനുഭാവികള്‍ക്കു പെന്‍ഷന്‍ ലഭിക്കുന്നതിനാണിത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മിനിമം പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കണം. മുഴുവന്‍ പെന്‍ഷനും ലഭിക്കാന്‍ 30 വര്‍ഷവും. അപ്പോഴാണ് രണ്ട് വര്‍ഷം സര്‍വീസുള്ളവര്‍ പെന്‍ഷന്‍ അനായാസം വാങ്ങുന്നത്.
ഓരോ പാര്‍ട്ടിക്കും വിപ്പുള്ളതിനാല്‍ പ്രത്യേകം ചീഫ് വിപ്പ് വേണ്ടെന്നാണ് ഇടതു മുന്നണി നേതൃയോഗം തീരുമാനിച്ചത്. ഇടതു സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനു തലേദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇ.പി.ജയരാജനുവേണ്ടി മന്ത്രിമാരുടെ എണ്ണം കൂട്ടുന്നതിനെ സിപിഐ എതിര്‍ത്തപ്പോഴാണ് ചീഫ് വിപ്പ് പദവി അവര്‍ക്കു വാഗ്ദാനം ചെയ്തത്. ആദ്യസഭ മുതല്‍ ചീഫ് വിപ്പ് ഉണ്ടെങ്കിലും 1982ല്‍ ഡോ.കെ.സി.ജോസഫിനാണ് ആദ്യമായി കാബിനറ്റ് റാങ്ക് അനുവദിച്ചത്. പിന്നീട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പി.സി.ജോര്‍ജിന് കാബിനറ്റ് പദവി നല്‍കിയത്.
നിയമസഭയില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ വിപ്പ് നല്‍കുന്ന ജോലി മാത്രമാണ് നിലവില്‍ ചീഫ് വിപ്പിനുള്ളത്. എന്നാല്‍ ക്യാബിനറ്റ് പദവിയുള്ളതിനാല്‍ മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ക്യാബിനറ്റ് പദവിയുള്ള ഒരാളുടെ ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ പ്രതിമാസം സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവിടേണ്ട സ്ഥിതിയാണ് ഇപ്പോള്‍.
















