തിരുവനന്തപുരം: കേരള സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ അടക്കം കേസുകള്‍ വാദിക്കാന്‍ ഇപ്പോള്‍ സ്ഥിരമായി എത്തുന്നത് ഡല്‍ഹിയില്‍ നിന്നുള്ള പ്രശസ്ത അഭിഭാഷകര്‍. മുന്‍പ് സുപ്രധാന കേസുകളില്‍ ആയിരുന്നു ഇത്തരം അഭിഭാഷകരെ എത്തിക്കുന്നതെങ്കില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇതു പതിവായിരിക്കുകയാണ.് കോടികള്‍ സര്‍ക്കാര്‍ ഖജവാനില്‍ നിന്നു ശമ്പളം നല്‍കുന്ന 140 അഭിഭാഷകര്‍ സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ ഉണ്ടെന്നിരിക്കെയാണ് ഈ ധൂര്‍ത്ത്. അഡ്വക്കേറ്റ് ജനറല്‍ (എ.ജി), അഡീഷണല്‍ എ.ജി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡി.ജി.പി), രണ്ട് എ.ഡി.ജി.പിമാര്‍, സ്റ്റേറ്റ് അറ്റോര്‍ണി എന്നിവരടക്കം 140 പേരാണ് സര്‍ക്കാര്‍ കേസുകള്‍ക്കായി ഹൈക്കോടതിയിലുള്ളത്. എന്നിട്ടും ഹൈക്കോടതയില്‍ കേസുകള്‍ വാദിക്കാന്‍ എത്തുന്നത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍. 56 ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ (ശരാശരി ശമ്പളം 65,000 രൂപ), 56 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ (ശരാശരി ശമ്പളം 75,000 രൂപ), 22 സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ (ശരാശരി ശമ്പളം 85,000 രൂപ) എന്നിങ്ങനെയാണു ശമ്പളം. എല്ലാവര്‍ക്കുമായി ശരാശരി ഓരോ മാസവും നല്‍കുന്നത് 1.12 കോടിയില്‍പ്പരം രൂപയാണ്. ഔദ്യോഗിക വാഹനമടക്കം ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നുമുണ്ട്.
ഇതിനിടെയാണു കഴിഞ്ഞമാസം പുതിയ നിയമനവുമായി പിണറായി സര്‍ക്കാര്‍ രംഗത്തു വന്നത്. പിണറായി വിജയന്റെ വിശ്വസ്തനായ അഡ്വ. എ. വേലപ്പന്‍ നായരെ സ്പെഷല്‍ ലെയ്സണ്‍ ഓഫീസറായി നിയമിച്ചത് ഒരു ലക്ഷത്തിലേറെ രൂപയാണു മാസശമ്പളത്തിലാണ്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കക്ഷിയായ കേസുകളുടെ മേല്‍നോട്ടത്തിനാണു പുതിയ തസ്തികയില്‍ നിയമനമെന്നാണു വിശദീകരണം. സി.പി.എം. പ്രതിക്കൂട്ടിലുള്ള ഷുഹൈബ് കൊലക്കേസില്‍ സി.ബി.ഐ. അന്വേഷിക്കുന്നതു തടയാനായി മണിക്കൂറിനു ലക്ഷങ്ങള്‍ വിലയുള്ള മുതിര്‍ന്ന അഭിഭാഷകരെ എത്തിച്ചു. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമരേന്ദ്ര ശരണും വിജയ് ഹന്‍സാരിയയുമാണ് ഈ കേസിനെത്തിയത്. ഷുഹൈബ് കേസില്‍ മാത്രം സുപ്രീം കോടതി അഭിഭാഷകര്‍ക്കായി 56.40 ലക്ഷം രൂപ ഖജനാവില്‍നിന്നു ചെലവിഴിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22-ന് അട്ടപ്പാടിയില്‍ ആദിവാസിയായ മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പണമില്ല എന്ന കാരണത്താല്‍ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തിടത്താണു പിണറായി സര്‍ക്കാരിന്റെ ഇത്തരം ധൂര്‍ത്ത്.
സോളാര്‍ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായതു മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറായിരുന്നു. ഒരു സിറ്റിങ്ങിന് 20 ലക്ഷം രൂപ. ബാര്‍ കേസിനായി സുപ്രീം കോടതി അഭിഭാഷകരെ നിയോഗിച്ച വകയില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ചെലവിട്ടത് 2.68 കോടി രൂപയായിരുന്നു. രണ്ടു ദിവസമെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനു നല്‍കിയത് 60 ലക്ഷം. ഇപ്പോള്‍ രാത്രിയാത്രാ നിരോധനക്കേസിലും കപില്‍ സിബലെത്തും. മരട് ഫ്ളാറ്റ് കേസില്‍ ഹാജരാകുന്നതു മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വേയാണ്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന നിരവധി അഭിഭാഷകരെ വിശ്വാസമില്ലാത്തതിനാലാണോ മിക്ക കേസുകള്‍ക്കും ഡല്‍ഹിയില്‍ നിന്നു മണിക്കൂറിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകരെ ഇറക്കുമതി ചെയ്യുന്നത് എന്നാണു നിയമവൃത്തങ്ങള്‍ തന്നെ ചോദിക്കുന്ന സംശയം.















