കൊച്ചി: ആത്മീയതയിലും സംസ്‌കാരത്തിലും നിന്ന് അകലുന്നതാണ് കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണമെന്നും അത് ശിക്ഷാ നിയമങ്ങള്‍കൊണ്ട് മാത്രം ഇല്ലാതാക്കാവുന്നതല്ലെന്നും ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. വിവേകാനന്ദ ദര്‍ശനങ്ങളുടെ കാലിക പ്രസക്തിയെന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. മുകുള്‍ കനിത്കര്‍, അനൂപ് ജോസഫ് എന്നിവര്‍ ചേര്‍ന്നെഴുതിയ ‘എസന്‍ഷ്യല്‍ വിവേകാനന്ദ’ എന്ന പുസ്തകത്തിന്റെ അവതരണവും നടന്നു.
കുറ്റകൃത്യങ്ങള്‍ ജാതി, മതം തുടങ്ങിയതിന്റെ പേരില്‍ മാത്രമല്ല. സ്വയം അസംതൃപ്തിയാണ് എല്ലാവര്‍ക്കും. ഐപിസി പ്രകാരമുള്ള കുറ്റങ്ങളല്ല, മറിച്ച് സംസ്‌കാരവും ആത്മീയതയും അനുഷ്ഠാനവും വിദ്യാഭ്യാസവും ഇല്ലാതാകുന്നതിന്റേതാണ്. എന്റേത് മാത്രം ശരി, എന്റെ ദൈവം മാത്രം ശരിയെന്ന പോലുള്ള നിലപാടുകള്‍ വരും. എന്നെ അനുസരിച്ചില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ല എന്നാവും, അദ്ദേഹം പറഞ്ഞു.
അയലത്ത് സന്തോഷവും സുരക്ഷയും ഇല്ലെങ്കില്‍ വീട്ടിലെ ജീവിതം സുഖകരമാകില്ലെന്നതുപോലെ അയല്‍ രാജ്യങ്ങളിലും സമാധാനവും സുരക്ഷയും ഇല്ലെങ്കില്‍ ഇന്ത്യക്ക് സമാധാനമില്ല. അതാണ് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ആഗ്രഹിക്കുന്നത്., ഹൊസബാളെ പറഞ്ഞു.
പ്രതിവര്‍ഷം സ്വാമി വിവേകാനന്ദനെക്കുറിച്ച് ധാരാളം പുസ്തകങ്ങളും ചിന്തകളും ഇറങ്ങുന്നു. ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന ദാരിദ്ര്യ നിര്‍മാര്‍ജനവും പരിസ്ഥിതി സംരക്ഷണവും വിദ്യാഭ്യാസവും ആഗോള പങ്കാളിത്ത വികസനവും വിവേകാനന്ദന്‍ എത്രയോ വര്‍ഷങ്ങള്‍മുമ്പേ പറഞ്ഞു. വേദാന്തവും ആത്മീയതയും സമൂഹത്തിലെ സാധാണക്കാര്‍ക്ക് വേണ്ടി പണ്ഡിതര്‍ക്കും സാധാരണക്കാര്‍ക്കും മനസിലാകും വിധം അദ്ദേഹം വ്യാഖ്യാനിച്ചു, അദ്ദേഹം പറഞ്ഞു.
ചിന്മയ മിഷന്‍ കേരളം അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി വിഷയം അവതരിപ്പിച്ചു. എസന്‍ഷ്യല്‍ വിവേകാനന്ദയുടെ രചയിതാക്കളായ ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ദേശീയ സംഘടനാ സെക്രട്ടറി മുകുള്‍ കനിത്കര്‍, അനൂപ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ഡോ. വിജയമോഹന്‍.വി സ്വാഗതവും ഡോ. കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.















