കോഴിക്കോട്: കൂടത്തായിയിൽ വർഷങ്ങളുടെ ഇടവേളയിൽ ഒരു കുടുംബത്തിലെ ആറു പേർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ, ക്രൈംബ്രാഞ്ച് മൃതദേഹങ്ങൾ അടക്കം ചെയ്ത കല്ലറകൾ തുറന്ന് പരിശോധിക്കും. മരണത്തിലെ സമാനതയ്‌ക്ക് പിന്നിൽ ആരുടെയെങ്കിലും ബോധപൂർവമായ ഇടപെടലുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. നാല് മൃതദേഹങ്ങളാണ് ക്രൈംബ്രാഞ്ച് പുറത്തെടുത്ത് പരിശോധിക്കുക. 2002നും 2016നും ഇടയിലാണ് പൊന്നാമറ്റം കുടുംബത്തിലെ ആറ് പേർ മരിച്ചത്. ആറു പേരും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഹൃദയസംബന്ധമായ രോഗമാണ് മരണകാരണമെന്നായിരുന്നു നിഗമനം.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. 2002ൽ കുഴഞ്ഞുവീണായിരുന്നു മരണം. ഒരു വർഷം കഴിഞ്ഞപ്പോൾ ടോം തോമസും കുഴഞ്ഞുവീണ് മരിച്ചു. തൊട്ടടുത്ത വർഷം ടോം തോമസിന്റെ മകൻ റോയിയും പിന്നാലെ അന്നമ്മയുടെ സഹോദരൻ മാത്യുവും മരിച്ചു. ഇതിന് പിന്നാലെ ഷാജുവിന്റെ പത്തുമാസം പ്രായമായ കുഞ്ഞും അതിന് ആറുമാസത്തിന് ശേഷം ഭാര്യ സിസിലിയും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഇതിൽ റോയിയുടെ മൃതദേഹം മാത്രമാണ് പോസ്റ്റുമോർട്ടം നടത്തിയത്. വിഷം ഉള്ളിൽച്ചെന്നാണ് റോയി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ടോം തോമസിന്റെ രണ്ടാമത്തെ മകൻ റോജോയാണ് മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പരാതി നൽകിയത്. പരാതി പരിശോധിച്ച പോലീസ് കൊലപാതക സാധ്യതയുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. അടുത്ത ദിവസം തന്നെ കല്ലറ തുറന്ന് ഫൊറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കും. ഇതിനായി കല്ലറ തുറന്ന് നൽകണമെന്ന് കൂടത്തായി, കോടഞ്ചേരി പള്ളി അധികൃതരോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.















