കൊച്ചി: കോണ്‍ഗ്രസിനുള്ളിലെ സ്ഥാനമോഹികളെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ കെ. ശങ്കരനാരായണന്‍. ആഗ്രഹമൊക്കെ എല്ലാവര്‍ക്കുമാക്കാം എന്നാല്‍ അതിനൊക്കെ ഒരു അതിര്‍ത്തി വേണം. ഈ ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലുള്ള ആര്‍ത്തിയുണ്ടല്ലോ ആ ആര്‍ത്തി അപകടമാണ്, അതാര്‍ക്കായാലും ശരി അത് അപകടമാണെന്നായിരുന്നു ശങ്കരനാരായണന്റെ പരിഹാസം. എറണാകുളം ലോക്സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയാവുന്നതിന് അവസരം കാത്തിരുന്ന കെ.വി തോമസിനെ വേദിയിലിരുത്തിയായിരുന്നു ശങ്കരനാരായണന്റെ കളിയാക്കല്‍. എറണാകുളത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനചടങ്ങിനിടെയായിരുന്നു സ്ഥാനമോഹികളെ രൂക്ഷമായ പരിസഹിതച്ചു ശങ്കരനാരായണന്‍ രംഗത്ത് എത്തിയത്.
തമാശ രൂപേണ തുടങ്ങിയ പ്രസംഗം പിന്നീടാണു രൂക്ഷ പരിഹാസമായി മാറിയത്. ഇപ്പോള്‍ എനിക്ക് എന്തൊക്കെ ആവണം എന്ന ആഗ്രഹമുണ്ടെന്നറിയാമോ… ? എറണാകുളത്ത് ഇലക്ഷന് നില്‍ക്കാന്‍ താത്പര്യമുള്ള ആളൊക്കെയാണ് ഞാന്‍, ഇനി അതില്ലെങ്കില്‍ ഇപ്പോഴത്തെ സ്ഥാനാര്‍ഥി ടി.ജി വിനോദ് വഹിച്ചു പോരുന്ന ഡെപ്യൂട്ടി മേയര്‍ സ്ഥാനം കിട്ടിയാലും മതി. ആരായാലും സ്ഥാനമാനങ്ങളും പദവികളും ആഗ്രഹിക്കുന്നതില്‍ വലിയ തകരാറില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പാര്‍ട്ടി എത്തി കഴിഞ്ഞാല്‍ പിന്നെ ഒരക്ഷരം മിണ്ടാന്‍ പാടില്ലെന്നും ശങ്കരനാരായണന്‍.
ലോക്‌സഭ തെരഞ്ഞെടുപ്പ് സീറ്റ് നിഷേധിച്ചതിന് പിന്നാലെ നിയമസഭ ഉപതെരഞ്ഞെടുപ്പിലും സീറ്റിനായി തോമസ് ചരടുവലി നടത്തിയിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നായിരുന്നു കെ.വി.തോമസിന്റെ നിലപാട്. ഇതിനായി സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി കെ.വി തോമസ് കൂടികാഴ്ച നടത്തിയിരുന്നു. ‘നിരവധി നേതാക്കള്‍ക്ക് സ്ഥാനമോഹങ്ങള്‍ ഉണ്ടാകാം. എന്നാല്‍ എറണാകുളത്തെ ജയസാധ്യതയ്‌ക്കാകണം പ്രഥമ പരിഗണന. പരിചയസമ്പത്തും പരിഗണിക്കണമെന്നായിരുന്നു തോമസിന്റെ നിലപാട്.















