ഭാരതത്തിന്റെ ആധുനിക ചരിത്രത്തിലും ഉത്ഥാനത്തിന്റെ യശോഗീതത്തിലും മുദ്രണം ചെയ്തിരിക്കുന്ന മഹാന്മാരുടെ പേരുകളില്‍ ഏറ്റവും പ്രമുഖമായത് ഗാന്ധിജിയുടെ നാമധേയമാണ്. ഭാരതത്തിന്റെ രാജനീതിയെ ആധ്യാത്മികതയുടെ അടിത്തറയില്‍ പടുത്തുയര്‍ത്താനുള്ള ശ്രമം ഗാന്ധിജി നടത്തി.
ഗാന്ധിജിയുടെ പരിശ്രമം അധികാരരാഷ്ട്രീയത്തിന്റെ പരിധിയില്‍ നില്‍ക്കുന്നതായിരുന്നില്ല. സമാജത്തിന്റെയും അതിന്റെ നേതൃത്വത്തിന്റെയും സ്വഭാവം സംശുദ്ധമാക്കി തീര്‍ക്കുന്നതിനാണ് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. സത്യം, അഹിംസ, സ്വാവലംബനം എന്നിവയോടൊപ്പം മനുഷ്യമാത്രമായ യഥാര്‍ഥ സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായിരിക്കണം ജനജീവിതമെന്നായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ഈ ചിന്ത അദ്ദേഹത്തിന്റെ ജീവിതത്തില്‍ പൂര്‍ണമായും സാര്‍ഥകമായി തീര്‍ന്നിരുന്നു. 1922-ല്‍ ഗാന്ധിജിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നാഗപ്പൂരില്‍ കോണ്‍ഗ്രസ് ഒരു പൊതുയോഗം നടത്തി. ആ യോഗത്തില്‍ സംസാരിച്ച ഡോ. ഹെഡ്ഗേവാര്‍, ഗാന്ധിജിയെ ‘പുണ്യപുരുഷ’നെന്ന് വിശേഷിപ്പിച്ചു. ജീവിതത്തില്‍ തന്റെ ആദര്‍ശത്തിനും ചിന്തകള്‍ക്കും വേണ്ടി സര്‍വസ്വവും ത്യജിക്കുവാന്‍ ഗാന്ധിജി സദാ സന്നദ്ധനായിരുന്നു എന്നും ഡോ. ഹെഡ്ഗേവാര്‍ പറഞ്ഞു. അപദാനങ്ങള്‍ പാടിയതുകൊണ്ട് മാത്രം ഗാന്ധിജിയുടെ പ്രവര്‍ത്തനം മുമ്പോട്ടു പോകില്ലെന്നു കൂടി വ്യക്തമാക്കി. ഗാന്ധിജിയുടെ ജീവിതത്തിലെ ഉല്‍കൃഷ്ട ഗുണങ്ങളെ അവനവന്റെ ജീവിതത്തില്‍ സാര്‍ഥകമാക്കിയാല്‍ മാത്രമേ ആ ദൗത്യം മുമ്പോട്ടു കൊണ്ടുപോകാനാകൂ എന്നുകൂടി അദ്ദേഹം പറഞ്ഞു.
പവിത്രമായ ചിന്തയും ആദര്‍ശവും
അടിമത്ത മനോഭാവം എത്രമാത്രം ഹാനികരമാണെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. ആ മാനസികാവസ്ഥയില്‍ നിന്ന് മുക്തമായി, പൂര്‍ണമായും സ്വദേശി കാഴ്ചപ്പാടില്‍ ഭാരതത്തിന്റെ വികാസത്തിന്റെ ഒരു രൂപരേഖ ‘ഹിന്ദ് സ്വരാജി’ന്റെ രൂപത്തില്‍ അദ്ദേഹം എഴുതി തയാറാക്കിയിരുന്നു. അധികാരത്തിന്റെ ബലത്തില്‍ വിദ്യാഭ്യാസത്തെ വികൃതമാക്കി, സാമ്പത്തികമായ കാഴ്ചപ്പാടില്‍ എല്ലാവരെയും തങ്ങളുടെ ആശ്രിതരാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ പാശ്ചാത്യലോകം മുമ്പോട്ടു നീങ്ങിക്കൊണ്ടിരുന്ന പ്രതിസന്ധിഘട്ടത്തിലായിരുന്നു ഗാന്ധിജി നടത്തിയ ഈ പരിശ്രമം. സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും ഒരു പുതിയ ചിന്ത പ്രദാനം ചെയ്യുന്നതില്‍ അത്യന്തം വിജയം കൈവരിച്ച ഒരു പരീക്ഷണമായിരുന്നു അത്. എന്നാല്‍ അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ കഴിയുകയായിരുന്ന ജനങ്ങള്‍ യാതൊരു വീണ്ടുവിചാരവും കൂടാതെ പാശ്ചാത്യലോകത്ത് നിന്ന് വന്ന കാര്യങ്ങളെ ആധികാരികമായിക്കണ്ടു. തങ്ങളുടെ പൂര്‍വികരേയും പൂര്‍വകാല മഹത്ത്വത്തെയും പൂര്‍വിക സംസ്കാരത്തെയും ഹീനവും മോശവുമെന്ന് കണക്കാക്കി. അന്ധാനുകരണത്തിന്റെ വലയില്‍ അകപ്പെട്ടു. അതിന്റെ സ്വാധീനം ഇന്നും കാണുന്നുമുണ്ട്.
സമകാലീനരായ മഹാപുരുഷന്മാര് ഗാന്ധിജിയുടെ ഭാരതകേന്ദ്രിത ചിന്തകളുടെ ചില അംശങ്ങള്‍ സ്വായത്തമാക്കിയിട്ടുണ്ട്. ഐന്സ്റ്റൈന് ഗാന്ധിജിയുടെ മരണവാര്‍ത്തയോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ”ഇത്തരമൊരു വ്യക്തി ഈ ഭൂലോകത്ത് ജീവിച്ച്, മണ്‍മറഞ്ഞുപോയെന്ന് വിശ്വസിക്കുവാന്‍ വരും തലമുറകള്‍ക്ക് പ്രയാസമായിരിക്കും.” തന്റെ ജീവിതോദാഹരണത്തിലൂടെ അത്രമാത്രം പവിത്രമായ ചിന്തയും ആദര്‍ശവുമാണ് ഗാന്ധിജി നമ്മുടെ മുന്നില്‍ വെച്ചത്. 1936-ല്‍ ഗാന്ധിജി വര്‍ധയുടെ പരിസരത്ത് നടന്ന സംഘത്തിന്റെ ശിബിരം സന്ദര്‍ശിച്ചിരുന്നു. അടുത്ത ദിവസം ഗാന്ധിജിയുടെ താമസസ്ഥലത്ത് ഡോ. ഹെഡ്ഗേവാര്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നടന്ന സുദീര്‍ഘമായ ചര്‍ച്ച, ചോദ്യോത്തരങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംഘം നിത്യവും ഗാന്ധിജിയെ സ്മരിക്കുന്നു
വിഭജനത്തിന്റെ രക്തപങ്കിലമായ ദിവസങ്ങളില്‍ ദല്‍ഹിയില്‍ താമസസ്ഥലത്തിന് അടുത്ത് നടന്നിരുന്ന സംഘശാഖയില്‍ ഗാന്ധിജി വന്നിരുന്നു. അദ്ദേഹം സ്വയംസേവകരെ അഭിസംബോധനചെയ്തു. അതിന്റെ വാര്‍ത്ത 1947 സപ്തംബര്‍ 27ന് ‘ഹരിജന്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വയംസേവകരുടെ അച്ചടക്കം. ജാതി-ഉപജാതി ചിന്തകളില്ലായ്മ എന്നിവ കണ്ട അദ്ദേഹം തനിക്കുള്ള സന്തോഷം വ്യക്തമാക്കി.
പൂര്‍ണമായും സാമൂഹ്യസമത്വം, സമരസത എന്നിവയുടെ പക്ഷത്തു നിന്നു ഗാന്ധിജി. പറയുന്ന കാര്യങ്ങള്‍ സ്വജീവിതത്തില്‍ നടപ്പാക്കി. ഉല്‍കൃഷ്ടമായ ഈ ഗുണങ്ങള്‍ കാരണമാണ് ഗാന്ധിജിയുടെ ചിന്തകളോട് യോജിക്കാത്തവര്‍ പോലും അദ്ദേഹത്തെ ബഹുമാനത്തോടെ കാണുന്നത്. ആദര്‍ശപുരുഷനായ ഗാന്ധിജിയെ നാമെല്ലാം പഠിക്കുകയും മനസിലാക്കുകയും വേണം. അദ്ദേഹത്തിന്റെ ജീവിതാദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ നടപ്പാക്കുകയും വേണം. നിത്യവും പ്രഭാതത്തില്‍ ചൊല്ലുന്ന സ്തോത്രത്തിലൂടെ നമ്മുടെ ദേശത്തെ മഹാപുരുഷന്മാരെ സ്മരിക്കുന്ന ശീലം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാരംഭകാലം തൊട്ടുണ്ട്. 1963ല്‍ അതില്‍ മാറ്റം വരുത്തി ചില പുതിയ പേരുകള്‍ കൂടിച്ചേര്‍ത്തു. ഗാന്ധിജിയുടെ പേരും അതില്‍ ചേര്‍ത്തു. ഇപ്പോഴതിന്റെ പേര് ‘ഏകാത്മതാ സ്തോത്ര’ മെന്നാണ്. സംഘ സ്വയംസേവകര്‍ നിത്യവും കാലത്ത് ഏകാത്മതാ സ്തോത്രത്തില്‍ ഗാന്ധിജിയുടെ പേര് ഉച്ചരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തെ സ്മരിക്കുന്നു.
അദ്ദേഹത്തിന്റെ 150-ാം ജന്മവാര്ഷികത്തില്, പവിത്രവും ത്യാഗമയവും സുതാര്യവുമായ ആ ജീവിതത്തെയും ജീവിതവീക്ഷണത്തെയും സാത്മീകരിച്ച് ഓരോ ഭാരതീയനും രാഷ്ട്രത്തിന്റെ രചനയ്ക്കായി പ്രതിജ്ഞടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: