മൂന്നാം അദ്ധ്യായം മൂന്നാം പാദം
ആനന്ദാദ്യധികരണം
ഇതില്‍ മൂന്ന് സൂത്രങ്ങളാണ് ഉള്ളത്. ബ്രഹ്മത്തിന്റെ ആനന്ദം മുതലായ ധര്‍മ്മങ്ങളെ വിചാരം ചെയ്യുന്നു.
സൂത്രം- ആനന്ദാദയഃ പ്രധാനസ്യ
ആനന്ദം മുതലായവ പ്രധാനമായ പരബ്രഹ്മത്തിന്റെ ധര്‍മ്മങ്ങളാണ്.
അറിയേണ്ടതായ പരമാത്മാവിന് ഉപനിഷത്തുക്കളില്‍ ആനന്ദമയത്വം, സര്വതത്വം, സര്‍വജ്ഞത്വം സര്‍വാത്മകത്വം പ്രജ്ഞാന ഘനത്വം മുതലായ വിശേഷണങ്ങള്‍ കാണാം. നിര്‍ഗുണവും നിരാകാരവുമായ ബ്രഹ്മത്തിന് ആ ഗുണങള് എങ്ങനെ യോജിക്കും എന്നാണ് സംശയം.
ധര്‍മ്മങ്ങളെ പറയുന്നിടത്ത് തന്നെ എല്ലാ ധര്‍മ്മങ്ങളെക്കുറിച്ചും പറയുന്നില്ല. ഒരു സ്ഥലത്ത് പറഞ്ഞവയല്ല മറ്റൊരിടത്ത്. ചിലയിടത്ത് ആദ്യം പറഞ്ഞവയെ വിട്ട് മറ്റൊന്നിനെ സ്വീകരിച്ചതായി കാണാം. ഓരോ സ്ഥലത്തും പറയുന്ന ധര്‍മ്മങ്ങളെ മാത്രം സ്വീകരിച്ചാല്‍ മതിയോ എന്നും സംശയമുണ്ട്. ശ്രുതികളെല്ലാം ഒന്നാണെന്നതിനാല്‍ ഇവ എവിടെ പറഞ്ഞാലും പരസ്പരം ബന്ധപ്പെട്ടവയാണ്. ചിലയിടങ്ങളിലെ വര്‍ണന മറ്റൊരിടത്ത് പൂര്‍ണമാകുന്നത് കാണാം.
ബ്രഹ്മം ഏകവും സര്വാത്മകവുമായതിനാല് വിവിധ ഭാഗങ്ങളില്‍ പറഞ്ഞ എല്ലാ ഗുണങ്ങളും ബ്രഹ്മത്തിന്റെ ധര്‍മ്മങ്ങളാണ്. ജ്ഞേയമായ ബ്രഹ്മത്തിന്റെ ഉപാസനാ സൗകര്യത്തിന് വേണ്ടിയാണ് ഗുണങ്ങള്‍ പറഞ്ഞിരിക്കുന്നത്. ബ്രഹ്മം സഗുണമല്ല.
സൂത്രം- പ്രിയ ശിരസ്ത്വാദ്യപ്രാപ്തിരുപചയാപചയൗ ഹി ഭേദ
പ്രിയ ശിരസ്ത്വം മുതലായവ ബ്രഹ്മത്തെ ബാധിക്കുകയില്ല. എന്തെന്നാല്‍ ഭേദമുണ്ടാകുമ്പോള്‍ വൃദ്ധിയും ക്ഷയവും ഉണ്ടാകും.
തൈത്തിരീയത്തില്‍ ആനന്ദമയ ബ്രഹ്മത്തെപ്പറ്റി പറയുമ്പോള്‍ ‘തസ്യ പ്രിയമേവ ശിരഃ മോദോ ദക്ഷിണഃ പക്ഷഃ പ്രമോദ ഉത്തര പക്ഷഃ ആനന്ദ ആത്മാ ബ്രഹ്മപുച്ഛം പ്രതിഷ്ഠാ’ പ്രിയം ശിരസ്സും മോദപ്രമോദങ്ങള് ചിറകു കളും ആനന്ദം ആത്മാവും പ്രതിഷ്ഠ വാലുമായി ഒരു പക്ഷിയുടെ രൂപമായി വര്‍ണ്ണിക്കുന്നുണ്ട്. ആനന്ദമയാധികരണത്തില് പറഞ്ഞതുപോലെ ഇവയും ബ്രഹ്മത്തിന്റെ ധര്‍മ്മങ്ങളായി സ്വീകരണമോ എന്നാണ് പൂര്‍വപക്ഷത്തിന്റെ സംശയം. എന്നാല്‍ അത് വേണ്ട എന്ന് ഈ സൂത്രത്തില്‍ പറയുന്നു. ബ്രഹ്മത്തിന് അവയവങ്ങളും മറ്റും കല്പിച്ചാല് വൃദ്ധിക്ഷയങള് പറയേണ്ടി വരും. അതിനാല്‍ അത് ശരിയല്ല.
കോശത്തിന്റെ ധര്‍മ്മങ്ങളാണ് ഇതെല്ലാം. ആത്മാവിന്റെയല്ല എന്നറിയണം. ഉപാസനാ സൗകര്യത്തിന് വേണ്ടി ചെയ്യുന്ന ചില കല്പനകള് എല്ലായിടത്തും സ്വീകരിക്കേണ്ടതില്ല. ബ്രഹ്മത്തെ മനസ്സിലാക്കിത്തരാന്‍ വേണ്ടി ഇങ്ങനെ പറഞ്ഞുവെന്ന് മാത്രം.
പ്രിയ ശിരസ്ത്വം മുതലായവ അതില്‍ പെട്ടവയാണ്. ഏറ്റക്കുറച്ചിലുകള്‍ സഗുണ ബ്രഹ്മത്തിലാണ് ഉണ്ടാവുക. നിര്‍ഗുണ ബ്രഹ്മത്തെ ബാധിക്കില്ല.
സൂത്രം – ഇതരേ ത്വര്ത്ഥസാമാന്യാത്
എന്നാല്‍ മറ്റ് വിശേഷണങള്‍ സമാനമായ അര്‍ത്ഥത്തെ പ്രതിപാദിക്കുന്നതായതിനാല് സ്വീകാര്യമാണ്.
ബ്രഹ്മസ്വരൂപത്തെ മനസ്സിലാക്കുവാന്‍ ശ്രുതി ഉപദേശിക്കുന്നതാണ് ആനന്ദം മുതലായ ധര്‍മ്മങ്ങള്‍. ബ്രഹ്മം ഏകമായതിനാല്‍ എല്ലായിടത്തും ആ ധര്‍മ്മങ്ങളെ ചേര്‍ത്ത് ഉപാസിക്കണം. സ്വരൂപ ബോധമുണ്ടാവാന്‍ വേണ്ടി മാത്രമാണ് ആനന്ദം മുതലായ ധര്‍മ്മങ്ങളെ ഉപദേശിച്ചത്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: