തിരുവനന്തപുരം: ലോട്ടറി വില്‍പനയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ദിനംപ്രതി കൊയ്യുന്നത് കോടികളെന്ന് കണക്കുകള്‍. ലോട്ടറി വില്‍പനയില്‍ വര്‍ഷംതോറും വന്‍വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. സര്‍ക്കാരിന്റെ നികുതിയേതര വരുമാനത്തില്‍ മുന്‍പന്തിയിലാണ് മദ്യത്തില്‍ നിന്നും ലോട്ടറിയില്‍ നിന്നുമുള്ള വരുമാനം. ഈ വരുമാനമാണ് സര്‍ക്കാരിന്റെ സാമ്പത്തിക നിലയെ പിടിച്ചുനിര്‍ത്തുന്നതും. 201819 വര്‍ഷത്തില്‍ ലോട്ടറിയില്‍നിന്ന് 9,276 കോടി രൂപയാണു സര്‍ക്കാരിനു ലഭിച്ച വരുമാനമെന്നാണു ലോട്ടറി ഡയറക്ടറേറ്റില്‍നിന്നു ലഭിക്കുന്ന വിവരം. തൊട്ടു മുന്‍വര്‍ഷത്തെ വരുമാനം 8,997 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം 11,800 കോടി രൂപയാണു വരുമാനമായി പ്രതീക്ഷിക്കുന്നത്. 1,673 കോടി രൂപയാണു കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനു ലഭിച്ച ലാഭം. ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനയുണ്ടായതായാണു ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 2016 ല്‍ 60 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 1.32 കോടിയാണ്. വില്‍ക്കാത്ത ടിക്കറ്റുകള്‍ വളരെ അപൂര്‍വവും. നിലവില്‍ ആറ് പ്രതിവാര ടിക്കറ്റുകളാണുളളത്. ഭാഗ്യം പരീക്ഷിക്കുന്നവരില്‍ മുന്‍സ്ഥാനങ്ങളില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളാണ്. തമിഴ്‌നാട് അതിര്‍ത്തി കടന്നു പോലും ആള്‍ക്കാര്‍ വന്‍തോതില്‍ പാലക്കാട് എത്തി ലോട്ടറി വാങ്ങുന്നുണ്ട്. ലോട്ടറി വില്‍പ്പനയില്‍നിന്നുള്ള വരുമാന വിഹിതം 1980-81ല്‍ 13.4 ശതമാനമായിരുന്നു. 2000-01 ല്‍ വരുമാനം 38.39 ശതമാനമായും 2016-17ല്‍ 80.49 ശതമാനമായും ഉയര്‍ന്നു. ലോട്ടറിയടിച്ചാല്‍ സമ്മാനത്തിന്റെ 10 ശതമാനമാണ് ഏജന്റിനു കമ്മീഷനായി ലഭിക്കുക. ബാക്കിവരുന്ന തുകയില്‍ 30 ശതമാനം ആദായനികുതിയായി ഈടാക്കും. സമ്മാനാര്‍ഹമല്ലാത്ത ടിക്കറ്റുകള്‍ക്കു വില്‍പ്പന വിലയുടെ നിശ്ചിത ശതമാനം ഏജന്റിനു കമ്മീഷനായി ലഭിക്കും. 30 രൂപ വിലയുള്ള ടിക്കറ്റിനു 5.80 രൂപയാണു കമ്മീഷന്‍.















