ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ ഭാര്യ ബുഷ്‌റ ബീബിയെ കുറിച്ച് പുറത്തുവരുന്നത് വിചിത്രമായ അവകാശവാദങ്ങള്‍. ബുഷ്‌റയുടെ കണ്ണാടിയില്‍ ദൃശ്യമാകില്ലെന്നടക്കം നിരവധി കഥകളാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരുടെ സാക്ഷ്യത്തോടെ പാക്കിസ്ഥാന്‍ ചാനലായ ക്യാപിറ്റല്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖം അടക്കം ശരീരമാസകലം മൂടി നടക്കുന്ന പാക്കിസ്ഥാനിലെ ആദ്യ പ്രഥമ വനിതയാണ് ബുഷ്‌റ. ഇവര്‍ നിരവധി വിവാദങ്ങളുടെ കേന്ദ്രവുമാണ്. ഇവരുടെ മാന്ത്രികശക്തി, അവളുടെ മുന്‍ വിവാഹം, ഇമ്രാന്‍ ഖാനുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് അസംബന്ധമായ അവകാശവാദങ്ങളുണ്ട്. ബ്രിട്ടീഷ് സാമൂഹികനായ ജെമിമ ഗോള്‍ഡ്സ്മിത്തിനും ബിബിസി മുന്‍ അവതാരകയായ റെഹാം ഖാനും കഴിഞ്ഞാല്‍ ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്. കസ്റ്റംസ് ഉദ്യോഗസ്ഥനായ ഖവാര്‍ ഫരീദ് മനേക്കയെ ബുഷറ ബീബി വിവാഹം കഴിച്ചെങ്കിലും പിന്നീട് വിവാഹം മോചനം നേടി.
മാന്ത്രികശക്തി വളര്‍ത്താനായി രണ്ടു ജിന്നുകളെ ഇവര്‍ പോറ്റുന്നതായാണു മറ്റൊരു കഥ. ജിന്നുകള്‍ക്കായി മാംസം പാകം ചെയ്തു കൊടുക്കുന്നതും ബുഷ്‌റയാണത്രെ. ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകുമെന്ന് ബുഷ്‌റ മുന്‍കൂട്ടി പ്രവചിച്ചിരുന്നു ആത്രെ. ഇവര്‍ക്ക് പ്രവാചക ശക്തിയുണ്ടെന്ന് പാക്കിസ്ഥാനില്‍ നിരവധി പേര്‍ വിശ്വസിക്കുന്നുമുണ്ട്. ഇമ്രാന്‍ പ്രധാനമന്ത്രിയാകുന്നതിനു ആറു മാസം മുന്‍പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇമ്രാന്റെ ആത്മീയ ഗുരു ആയിരുന്നു ബുഷ്‌റ അത്രെ. ഇമ്രാന് പ്രധാനമന്ത്രി ആകണമെങ്കില്‍ ബുഷ്‌റ ബീബിയുടെ കുലത്തില്‍ നിന്നു തന്നെ ഒരാളെ വിവാഹം കഴിക്കണമെന്നായിരുന്നു ബുഷ്‌റയുടെ ആദ്യ പ്രവചനം. ഇതേത്തുടര്‍ന്ന് ബുഷ്‌റയുടെ സഹോദരിയേയോ മകളേയെ വിവാഹം കഴിക്കാന്‍ ഇമ്രാനോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് സ്വപ്‌നത്തില്‍ ഇവര്‍ക്കു ലഭിച്ച സന്ദേശം അനുസരിച്ച് വിവാഹിതയും അഞ്ചു മക്കളുടെ മാതാവുമായ ഒരു സ്ത്രീയെ വിവാഹം കഴിച്ചാലേ പ്രധാനമന്ത്രി ആകൂ എന്നായി. ഇതേത്തുടര്‍ന്നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുഷ്‌റ റിയാസ് വാറ്റൂ എന്നായിരുന്നു ബുഷ്‌റയുടെ യഥാര്‍ത്ഥ പേര്. ലാഹോറില്‍ നിന്നു 250 കിലോമീറ്റര്‍ അകലെ തീര്‍ഥാടന കേന്ദ്രവും നിരവധി വിശ്വാസികളുള്ള ബാബ ഫരീദിന്റെ ആരാധനസ്ഥലമാണ് ബുഷ്‌റയുടെ ജന്മദേശം. പുണ്യസ്ത്രീ എന്നര്‍ത്ഥമുള്ള പിന്‍കി പീര്‍ണി എന്ന വിളിപ്പേരു കൂടിയുണ്ട് 41 കാരിയായ ബുഷ്‌റയ്‌ക്ക്. ബുഷ്‌റയുടെ അമാനുഷിക ശക്തികളുടെ കെട്ടുകഥകളാണ് ഇപ്പോള്‍ പാക് മാധ്യമങ്ങളില്‍ നിറയുന്നത്.
















