ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപി- ആര്‍എസ്എസ് നേതാക്കളെ കൊലപ്പെടുത്തിയ ഭീകരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മുതിര്‍ന്ന കമാന്‍ഡറായ ഒസാമയാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികനും വീരമൃത്യു വരിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെടുന്നത്. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ സ്വദേശിയായ നായിക് രജീന്ദര്‍ സിങ്ങാണ് വീരമൃത്യു വരിച്ചത്. ഒസാമയ്‌ക്ക് പുറമെ ഹാറൂണ്‍ സഹീദ് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരര്‍. ഇവരുടെ പക്കല്‍ എകെ അസോള്‍ട്ട് റൈഫിള്‍ ആണ് ഉണ്ടായിരുന്നത്.
ജമ്മു കിഷ്താര്‍ ജില്ലയിലെ വീട്ടില്‍ ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീകരനെ കണ്ടെത്തിയത്. പിന്നീട് പിന്തുടര്‍ന്നെത്തിയ സൈന്യം അധികം താമസിയാതെ തന്നെ മൂവരെയും വെടിവച്ച് കൊലപ്പെടുത്തി.
സ്ഥലത്തെ പ്രധാന ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലാണ് ഭീകരര്‍ ഒളിച്ചത്. വീട്ടിലുണ്ടായിരുന്നവരെ ഭീകരര്‍ ബന്ദികളാക്കിവെച്ചിരിക്കുകയായിരുന്നു. ഇവരെ രക്ഷിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് പോലീസുകാര്‍ക്ക് വെടിയേറ്റു
ജമ്മു കശ്മീരിലെ മുതിര്‍ന്ന ബിജെപി നേതാവ് അനില്‍ പരിഹാര്‍, സഹോദരനും ബിജെപി നേതാവുമായ അജിത് പരിഹാര്‍ എന്നിവരെ 2018 നവംബര്‍ ഒന്നിന് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഒസാമ. ആര്‍എസ്എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മയേയും സ്വകാര്യ സുരക്ഷാ ഗാര്‍ഡിനെയും ഏപ്രില്‍ ഒന്‍പതിന് വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയാണ് ഇയാള്‍.
കിഷ്ത്വാറില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയ കേസിലും പോലീസ് ഒസാമയെ തിരയുന്നുണ്ടായിരുന്നു. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
















