ഉപസംഹാരാധികരണം
ഇതില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.
സൂത്രം- ഉപസംഹാരോളര്ത്ഥഭേദാദ് വിധിശേഷവത് സമാനേച
ഒരു പോലെയുള്ള പ്രകരണത്തില്‍ പ്രയോജനം വേറെയില്ലാത്തതിനാല്‍ വിദ്യാ ഭേദങ്ങളെ ഉപസംഹരിക്കുന്നത് വിധിശേഷം പോലെ ഉചിതമാണ്. ഒരു സ്ഥലത്ത് വിവരിച്ചവയെ മറ്റൊരിടത്ത് ഉപസംഹരിക്കാം.
ബ്രഹ്മത്തെക്കുറിച്ച് ഒരു സ്ഥലത്ത് വിവരിച്ചതിനെ മറ്റൊരിടത്ത് ഉപസംഹരിച്ച് പറയുന്നതില്‍ തെറ്റില്ല. ഒരു പ്രകരണം ഒരിടത്ത് പൂര്‍ണ്ണമാകാതെ വേറൊരിടത്ത് പൂര്‍ണ്ണമായും കാണുമ്പോള്‍ അത് ഒരേ വര്‍ണ്ണന തന്നെയാണോ എന്ന് സംശയമുണ്ടാകാം. ചിലപ്പോള്‍ വര്‍ണ്ണന അപൂര്‍ണ്ണമെന്ന് തോന്നിയേക്കാം.
എന്നാല്‍ ഇതില്‍ കുഴപ്പമില്ല എന്ന് സൂത്രം വ്യക്തമാക്കുന്നു. ഉദാഹരണമായി കര്‍മ്മകാണ്ഡത്തില്‍ പ്രയോജന വ്യത്യാസമില്ലാത്തതിനാല്‍ ഒരു ശാഖയില്‍ പറഞ്ഞ യജ്ഞം മുതലായവയെ മറ്റൊരു ശാഖയില്‍ ഉപസംഹരിക്കുന്നത് കാണാം. ഇതു പോലെ പല പ്രകരണങ്ങളില്‍ വര്‍ണ്ണിച്ച ബ്രഹ്മവിദ്യ പ്രയോജന ഐക്യം കൊണ്ട് മറ്റൊരു ഭാഗത്ത് ഉപസംഹരിക്കന്നതില് തെറ്റൊന്നുമില്ല എന്നറിയണം. രണ്ടും ഒന്നിനെക്കുറിച്ച് തന്നെയാണ് പറയുന്നത്.
അന്യഥാത്വാധികരണം
മൂന്നാമത്തേതായ ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളുണ്ട്.
സൂത്രം- അന്യഥാത്വം ശബ്ദാദിതി ചേന്നാ വിശേഷാത്
ശ്രുതി വേറെ തരത്തില്‍ പറഞ്ഞതിനാല്‍ രണ്ടും വേറെയാണെന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. വിശേഷമില്ലാത്തതുകൊണ്ടാണത്.
ശബ്ദ ഭേദമുണ്ടെങ്കിലും വിധി സ്വരൂപത്തിനോ ഫലസ്വരൂപത്തിനോ വ്യത്യാസമില്ല, ശ്രുതിയിലെ ബ്രഹ്മവിദ്യയുടെ വര്‍ണ്ണനകളില്‍ ചിലയിടങ്ങളില്‍ ശബ്ദങ്ങളെ കൊണ്ടും ചിലയിടങ്ങളില്‍ നാമങ്ങളെ കൊണ്ടും മറ്റിടങ്ങളില്‍ പ്രകരണം കൊണ്ടും വത്യാസം കണ്ടേക്കാം. എന്നാലും അവയെല്ലാം ഒരേ വിധിയേയും അനുഭവത്തേയും മാത്രം അവലംബിച്ചിരിക്കുന്നവയാണ് എല്ലാം ഒരേ ഒരു വിദ്യയുടെ വര്‍ണ്ണനകളാണ്.
ഛാന്ദോഗ്യത്തിലും ബൃഹദാരണ്യകത്തിലും ഉദ്ഗീഥ ഉപാസനയെ പറ്റി വ്യത്യസ്തമായാണ് പറയുന്നത്. വേദ വിദ്യയ്ക്ക് വ്യത്യാസമുണ്ടോ എന്ന് സംശയം ഉണ്ടാകാം.
ബൃഹദാരണ്യകത്തില്‍ ദേവാസുരയുദ്ധചരിതത്തി ല്‍ ഉദ്ഗീഥം കൊണ്ട് അസുരന്മാരെ ജയിക്കാന്‍ വേണ്ടി ഇന്ദ്രിയങ്ങളോട് ഉദ്ഗീഥം ഗാനം ചെയ്യാന്‍ പറഞ്ഞു. അവരെയെല്ലാം അസുരന്മാര് പാപം കൊണ്ട് ആക്രമിച്ചു. അവസാനം മുഖ്യ പ്രാണനോട് ഉദ്ഗീഥം ഗാനം ചെയ്യാന്‍ ആവശ്യപ്പെട്ടു.മുഖ്യ പ്രാണന്ദേവന്മാര്ക്ക് വേണ്ടി ഉദ്ഗീഥം ഗാനം ചെയ്തു.ദേവന്മാര് അസുരന്മാരെ ജയിച്ചു എന്ന് പറഞ്ഞിരിക്കുന്നു.
എന്നാല്‍ ഛാന്ദോഗ്യത്തില്‍ കുറച്ച് വ്യത്യാസമായാണ് പറഞ്ഞിരിക്കുന്നത്. ഇന്ദ്രിയ ദേവതകള്‍ പരാജയപ്പെട്ടപ്പോള്‍ പിന്നീട് മുഖ്യ പ്രാണനെ ഉദ്ഗീഥമായി ഉപാസിച്ചു.
അപ്പോള്‍ അസുരന്മാരെ ജയിച്ചു. ബൃഹദാരണ്യകത്തില്‍ ഉദ്ഗാനം ചെയ്യുന്ന ഉദ്ഗീഥമായും ഛാന്ദോഗ്യത്തില്‍ ഉപാസ്യമായ ഉദ്ഗീഥമായുമായുമാണ് പറഞ്ഞിട്ടുള്ളത്. അതിനാല്‍ അത് രണ്ടും വേറെയാണോ എന്നാണ് സംശയം.
എന്നാല്‍ സംശയിക്കേണ്ടതില്ല. ഈ ഒരു വ്യത്യാസം കൊണ്ട് മാത്രം വിദ്യയില്‍ ഭേദം ഉണ്ടാകില്ല. വിവരണത്തില്‍ വിശേഷമില്ലായ്മയാണ് കാരണം. ദേവാസുര യുദ്ധം, അസുരന്മാരെ ജയിക്കല്, ഉദ്ഗീഥോപന്യാസം എന്നിവയൊക്കെ ഒരേ പോലെ ഒരുവിശേഷവും കൂടാതെ രണ്ട് ഉപനിഷത്തുക്കളിലും പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് വിദ്യയില്‍ ഐക്യമുണ്ടാകുന്നു എന്നറിയണം.
ഛാന്ദോഗ്യത്തിലെ ദഹര വിദ്യയും പ്രാജാപത്യ വിദ്യയും രണ്ട് വര്‍ണ്ണനയെങ്കിലും രണ്ടും പരമാത്മാവിനെ പ്രാപിക്കാനുള്ളവയായതിനാല് ഒന്ന് തന്നെ എന്ന് അറിയണം.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: