ന്യൂദല്‍ഹി : വേതനവും ആനുകൂല്യങ്ങളും നല്‍കിയില്ലെന്ന് ആരോപിച്ച് തിരംഗ ടിവി ഉടമകളായ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെതിരെ സമന്‍സ് അയച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ബര്‍ഖ ദത്ത് നല്‍കിയ ഹര്‍ജിയില്‍ പട്യാല ഹൗസ് കോടതിയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കപില്‍ സിബലിന്റെ ഭാര്യ പ്രമീള സിബലിനെതിരേയും സമന്‍സ് അയച്ചിട്ടുണ്ട്.
വാഗ്ദാനങ്ങള്‍ നല്‍കി ജോലിക്കെടുത്ത കപില്‍ സിബലിന്റെ തിരംഗ ടിവി കാരണം കാണിക്കല്‍ നോട്ടീസുപോലും നല്‍കാതെ ജീവനക്കാരെ പിരിച്ചു വിട്ടതായി ബര്‍ഖ ദത്ത് ഇതിനു മുമ്പ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും വേതനവും നല്‍കാതെയാണ് പിരിച്ചുവിട്ടത്. ഇത് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്.
മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി മിണ്ടാതാക്കാം ധാര്‍ഷ്ട്യത്തിനുള്ള മറുപടിയാണ് ഈ ഉത്തരവെന്ന് ബര്‍ഖാ ദത്ത് പ്രതികരിച്ചു. അതേസമയം കപില്‍ സിബലും ഭാര്യ പ്രമീളയും ചാനലിലെ സ്ത്രീ ജീവനക്കാരെ പട്ടിയും, ദുഷ്ടരുമായും ഉപമിച്ചതായും അവര്‍ ആരോപിച്ചു. കോടതിയുടെ ഈ നടപടിയില്‍ സന്തോഷം ഉണ്ടെന്ന് ബര്‍ഖ ദത്തിനുവേണ്ടി കോടതിയില്‍ ഹാജരായ രാഘവ് അവാസ്ഥി അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കപില്‍ സിബല്‍ പുറത്തിറക്കിയ ചാലനാണ് തിരംഗ ടിവി. ഇതിന്റെ തുടക്കം മുതല്‍ ബര്‍ഖ ദത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി താന്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന് ജീവ്‌നക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്നും അവര്‍ ആരോപിച്ചു. വായ്‌പ്പയെടുത്ത് തിരിച്ചു നല്‍കാതെ ലണ്ടനിലേക്ക് ഒളിച്ചുകടന്ന വിജയ് മല്യയോട് ഉപമിച്ചതിന് തനിക്കെതിരെ അപകീര്‍ത്തിപ്പെടുത്തലിന് കേസ് കൊടുക്കുമെന്ന് ആരോപിച്ച് പല തവണ കപില്‍ സിബല്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തിരംഗ ചാനലിലെ സ്ത്രീ ജീവനക്കാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ദേശീയ വനിതാ കമ്മിഷനിലും ബര്‍ഖ ദത്ത് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം സ്ഥാപനത്തിനെതിരെ നിലപാട് എടുത്തതിന് ബര്‍ഖ ദത്തിനെതിരെ അച്ചടക്ക നടപടി അനുസരിച്ച് ചാനലില്‍ നിന്നും പുറത്താക്കിയിരുന്നു. അതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ബര്‍ഖ ദത്ത് ട്വീറ്റ് ചെയ്തതെന്നു കപില്‍ സിബല്‍ അറിയിച്ചു.
















