ബെംഗളൂരു: കായിക സംസ്കാരമുള്ള ഇന്ത്യയെ വാര്‍ത്തെടുക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു. സ്പോര്‍ട്സ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം. ഇക്കാര്യങ്ങള്‍ പരിഗണിച്ചുള്ളതാകും പുതിയ ദേശീയ വിദ്യാഭ്യാസ നയം. ബെംഗളൂരു അഞ്ജു ബോബി ജോര്‍ജ് സ്പോര്‍ട്സ് ഫൗണ്ടേഷന് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാര്‍ഥികള്‍ അക്കാദമിക് വിഷയങ്ങളില്‍ മാത്രമല്ല കായിക രംഗത്തും കഴിവ് വളര്‍ത്തിയെടുക്കണം. ഇതിനുള്ള സൗകര്യങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുക്കും. ഇന്ത്യയുടെ ലക്ഷ്യം 2024, 2028 ഒളിമ്പിക്സുകളാണ്. ഇതിനായുള്ള പരിശീലനം വിവിധ അക്കാദമികള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ് ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ഗെയിംസ് ബഹിഷ്കരിക്കാന്‍ തീരുമാനം എടുത്തിട്ടില്ല. ഷൂട്ടിങ് ഉള്‍പ്പെടുത്തിയില്ലെങ്കില്‍ മാത്രമെ ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ. കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്കരണമെന്ന വാദം രാഷ്ട്രീയ വിഷയമാണ്.
അഞ്ജുവും ഭര്‍ത്താവ് ജോര്‍ജും ആരംഭിച്ച സ്പോര്‍ട്സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ആത്മവിശ്വാസം നല്‍കുന്നുവെന്ന് അഞ്ജുബോബി ജോര്‍ജ് പറഞ്ഞു. കുട്ടികള്‍ പരിശീലനം തുടങ്ങിയ ശേഷമായിരുന്നു ട്രാക്കിനായി സര്‍ക്കാരിന്റെ സഹായം തേടിയത്. അഞ്ചുമാസത്തിനുള്ളില്‍ തന്നെ അനുമതി ലഭിച്ചു. സിന്തറ്റിക് ട്രാക്ക്, ജമ്പിങ് പിറ്റ് നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചതായും അഞ്ജു പറഞ്ഞു.
ട്രാക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും ഞങ്ങള്‍ ഇന്ത്യക്കു വേണ്ടി മെഡലുകള്‍ നേടിക്കൊടുത്തതു പോലെ ഭാവിയില്‍ ഫൗണ്ടേഷനിലെ കുട്ടികളും മികച്ച പ്രകടനം നടത്തുമെന്നാണ് വിശ്വാസമെന്നും അഞ്ജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: