ന്യൂദല്‍ഹി: കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പു റദ്ദാക്കി പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തിയതും സംസ്ഥാനത്തെ വിലക്കുകളും ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികളില്‍ ഒക്‌റ്റോബര്‍ ഒന്നു മുതല്‍ സുപ്രീം കോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റേതാണ് ഉത്തരവ്. അഞ്ചംഗ ഭരണഘടന ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക.
370-ാം വകുപ്പു റദ്ദു ചെയ്തതിനെതിരെയുള്ള ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ ഹര്‍ജി, കശ്മീരില്‍ കുട്ടികളെ അന്യായമായി തടഞ്ഞുവച്ചിരിക്കുന്നു എന്നാരോപിച്ചു മനുഷ്യാവകാശ പ്രവര്‍ത്തകരായ ഏനാക്ഷി ഗാംഗുലി, പ്രഫ.ശാന്ത സിന്‍ഹ എന്നിവരുടെ പരാതി, മുന്‍ മുഖ്യമന്ത്രി ഫാരുഖ് അബ്ദുല്ലയെ ഹാജരാക്കണമെന്ന എംഡിഎംകെ നേതാവ് വൈക്കോയുടെ ഹര്‍ജി എന്നിവയടക്കം നിരവധി ഹര്‍ജികള്‍ കോടതിയുടെ മുന്നിലുണ്ട്.
















