ന്യൂദല്‍ഹി : ഇന്ത്യന്‍ നാവിക സേനയ്‌ക്കായി പണികഴിപ്പിച്ച അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി കമ്മിഷന്‍ ചെയ്തു. മുബൈ പശ്ചിമ നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് കമ്മിഷന്‍ ചെയ്തത്.
കല്‍വരി ക്ലാസില്‍ രണ്ടാമത്തേതാണ് ഐഎന്‍എസ് ഖണ്ഡേരി. കടലിനടിയില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകാതെ ശക്തമായ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് കല്‍വരി ക്ലാസിലുള്ള മുങ്ങിക്കപ്പലുകള്‍.
നാവിക സേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്ങും ചടങ്ങില്‍ പങ്കെടുത്തു. ഛത്രപതി ശിവാജിയുടെ മറാത്താ സാമ്രാജ്യത്തിന്റെ ശക്തമായ ദ്വീപ് കോട്ടകളിലൊന്നായിരുന്ന ഖണ്ഡേരിയുടെ പേരാണ് മുങ്ങിക്കപ്പലിന് നല്‍കിയിരിക്കുന്നത്.
2017 ആഗസ്തിലാണ് ഐഎന്‍എസ് ഖണ്ഡേരി ലോഞ്ച് ചെയ്തത്. വെള്ളത്തിനടിയില്‍ വച്ചും ജലോപരിതലത്തില്‍ വച്ചും ആക്രമണം നടത്താനുള്ള ശേഷി ഇതിനുണ്ട്. ശത്രുവിന്റെ അന്തര്‍ വാഹിനികളെ തകര്‍ക്കല്‍, രഹസ്യ വിവരങ്ങള്‍ ശേഖരിക്കല്‍, മൈനുകള്‍ നിക്ഷേപിക്കല്‍, നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഖണ്ഡേരി കരുത്ത് പകരും.
സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയായ ഐഎന്‍എസ് ഖണ്ഡേരിക്ക് കടലിലെ ഏത് സാഹചര്യത്തിലും ദൗത്യ നിര്‍വ്വഹണത്തിനുള്ള കാര്യശേഷി ഉണ്ടെന്നും നാവിക സേന അറിയിച്ചു. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് നാവികസേനയ്‌ക്കായി അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്.
ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് കമ്പനിയുമായുള്ള കരാര്‍. 2005 ലാണ് പ്രൊജക്ട് 75 എന്ന പേരില്‍ ഇതുസംബന്ധിച്ച കരാര്‍ യാഥാര്‍ത്ഥ്യമായത്. ഇവയില്‍ ആദ്യത്തെ അന്തര്‍വാഹിനിയായിരുന്നു ഐഎന്‍എസ് കല്‍വരി. 2017 ഡിസംബര്‍ 14 നാണ് കല്‍വരി കമ്മിഷന്‍ ചെയ്തത്.
















