ന്യൂദല്‍ഹി : ഐഎന്‍എക്‌സ് മീഡിയ കേസിലെ സുപ്രധാന രേഖകളെല്ലാം നശിപ്പിക്കപ്പെട്ടെന്ന് സിബിഐ. കേസിലെ പ്രധാന തെളിവായി കണക്കാക്കിയിരുന്ന സന്ദര്‍ശക ഡയറി ഉള്‍പ്പടെയുള്ളവ നശിപ്പിക്കപ്പെട്ടുവെന്നും സിബിഐ അറിയിച്ചു. ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സിബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്.
കേസില്‍ നിര്‍ണായക സാക്ഷിയായ ഇന്ദ്രാണി മുഖര്‍ജിയെ പി. ചിദംബരം കണ്ടതിന്റ തെളിവുകളാണ് നശിപ്പിക്കപ്പെട്ടതെന്ന് സിബിഐ പറഞ്ഞു. നേരത്തെ കേസില്‍ ആരോപണ വിധേയായിരുന്നു ഇന്ദ്രാണി. എന്നാല്‍ കേസില്‍ ചിദംബരത്തിനെതിരെ നിര്‍ണായക മൊഴി നല്‍കിയത് ഇന്ദ്രാണിയായിരുന്നു. ചിദംബരം ഇന്ദ്രാണി മുഖര്‍ജിയെ കണ്ടതിന്റെ സന്ദര്‍ശക വിവരങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നും, അതിപ്പോള്‍ കാണാനില്ലാത്ത അവസ്ഥയിലാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ദല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു.
ഐഎന്‍എക്സ് മീഡിയയില്‍ ഇന്ദ്രാണി മുഖര്‍ജി താല്‍പര്യം ഉണ്ടായിരുന്നുവെന്നായിരുന്നു ആരോപണം. ഇതിന് വേണ്ടിയാണ് ഇന്ദ്രാണിയും ചിദംബരവും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇതില്‍ നിര്‍ണായക കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തെന്നാണ് സിബിഐയുടെ വാദം. ഇതോടെ കേസിലെ നിര്‍ണായക തെളിവുകള്‍ ഇല്ലാതായിരിക്കുകയാണ്. ചിദംബരത്തിന് ജാമ്യം കിട്ടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇത് പ്രതിഫലിക്കും. എന്നാല്‍ സിബിഐ വാദം തെറ്റാണെന്നും തെളിവുകളൊന്നം കാണാതായിട്ടില്ലെന്നും ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ആഗസ്ത് 21മുതല്‍ അഴിമതിക്കേസില്‍ സിബിഐ കസ്റ്റഡിയിലെടുത്ത പി. ചിദംബരം സെപ്തംബര്‍ അഞ്ച് മുതല്‍ തീഹാര്‍ ജെയിലിലാണ്. അടുത്ത മാസം മൂന്ന് വരെയാണ് ചിദംബരത്തിന്റെ കസ്റ്റഡി. പി.ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കേ ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. മകന്‍ കാര്‍ത്തി ചിദംബരം അതിന് ഇടനില നിന്ന് പണം കൈപ്പറ്റിയെന്നുമാണ് കേസ്.
















