ഒരു സാധകനെ സംബന്ധിച്ച് തീര്‍ത്ഥയാത്ര എന്നത് ഒരു അനിവാര്യതയാണ്. താന്‍ സ്വായത്തമാക്കിയ അറിവിനെ ഉറപ്പിക്കാനും അനുഭവങ്ങളുടെ മൂശയിലിട്ട് സ്ഫുടം ചെയ്ത് തെളിവാര്‍ന്നതാക്കി വേദ്യമാക്കാനും ഉപകരിക്കും തീര്‍ത്ഥയാത്ര. മഹാത്മാക്കള്‍ തപസ്സുചെയ്ത് വസിച്ച സ്ഥലവും പര്‍വ്വതപ്രദേശങ്ങളും നദീതീരങ്ങളും ക്ഷേത്രസങ്കേതങ്ങളും ആശ്രമവാടങ്ങളും ഒക്കെ തീര്‍ത്ഥസ്ഥാനങ്ങളായി മാനിക്കപ്പെടുന്ന ബിംബങ്ങളാണ്. തീര്‍ത്ഥീകരിക്കുന്നത്, ശുദ്ധീകരിക്കുന്നത്, അതാണ് തീര്‍ത്ഥമെന്ന പദത്തിനാല്‍ വിവക്ഷിതമായിരിക്കുന്നത്.
താനാരാണെന്ന അന്വേഷണവഴിയാണ് ശരിക്കും തീര്‍ത്ഥയാത്രയിലുടനീളം; തന്നിലേക്കുള്ള യാത്ര. തന്റെ സ്വത്വത്തെ തിരിച്ചറിയാനുള്ള യാത്ര. വാസ്തവികമായി പറഞ്ഞാല്‍ തന്നിലേയ്‌ക്കുള്ള തിരിച്ചുനടത്തമാണ്, സ്വത്വം വീണ്ടെടുക്കലാണ് തീര്‍ത്ഥയാത്ര കൊണ്ടു സാധിക്കുന്നത്, സാധിക്കേണ്ടത്. വെളിയിലേയ്‌ക്കു പരതുന്ന പഞ്ചേന്ദ്രിയങ്ങളെയും മനസ്സിനെയും ആമയെപ്പോലെ ബാഹ്യപ്രപഞ്ചത്തില്‍നിന്നും പിന്‍വലിച്ച് ഉള്ളിലേക്കൊതുക്കുന്നതുമാണ് ലക്ഷ്യം. തന്റെ തനതായ സ്വഭാവത്തെ തിരിച്ചറിയാനും ഇന്ദ്രിയഗോചരങ്ങളായ അനുഭവങ്ങളെയും കാഴ്ചകളെയും തിരിച്ചറിഞ്ഞ് അപഗ്രഥിച്ച് തള്ളേണ്ടത് തള്ളി കൊള്ളേണ്ടത് സ്വീകരിച്ചുംകൊണ്ട് ജീവിതത്തില്‍ പതറാതെ പതിയ്‌ക്കാതെ മുന്നോട്ടു പോകാനുള്ള പരിശ്രമമാണ് ശരിക്കും തീര്‍ത്ഥയാത്രകൊണ്ടുദ്ദേശിക്കുന്നത്.
ഈ തീര്‍ത്ഥയാത്ര ആചാര്യന്റെ കൂടെയാണെങ്കില്‍ ശരിയായ മാര്‍ഗ്ഗദര്‍ശനവും തത്വഗ്രഹണവും സാധിക്കും. അതിനുള്ള ഒരു ഭാഗ്യം സിദ്ധിച്ചത് ജന്മസുകൃത്തിന്റെ ഫലമായിട്ടാണെന്നു കരുതുന്നു.
അഭിവന്ദ്യ ഗുരുനാഥന്‍ പരമപൂജനീയ ചിദാനന്ദ പുരി സ്വാമികളുടെ (അദ്വൈതാശ്രമം, കൊളത്തൂര്‍) കൂടെ പല പ്രാവശ്യം മൂകാംബികാ ക്ഷേത്രത്തിലും കുടജാദ്രിയിലും ദര്‍ശനം നടത്തുകയും അവിടെ താമസിച്ച് സാധനാനിരതനാവുകയും ചെയ്തതിന്റെ ഒരു ദിവ്യസ്മരണ സുദീപ്തമായി ഇടതടവില്ലാതെ പ്രവഹിക്കുകയാണ് അന്തരാളത്തില്‍. ഓരോ നിമിഷവും തത്ത്വബോധനത്തിനുള്ള പ്രചോദകസ്രോതസ്സായിട്ടായിരുന്നു അനുഗ്രഹാശിസ്സുകളോടെ സ്വാമിജി ഞങ്ങളെ നയിച്ചത്. ഇതുവരെ സ്വാമിജിയില്‍നിന്നും മറ്റാചാര്യന്മാരില്‍നിന്നും കണ്ടും കേട്ടും സ്വായത്തമാക്കിയ ജ്ഞാനശകലങ്ങള്‍ അനുഭവത്തിന്റെയും തികഞ്ഞ ദിശാബോധത്തിന്റെയും ഫലമായുള്ള ദൃഢതയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും വേരുകളെ ഉറപ്പിക്കലായിരുന്നു ഇത്തരം യാത്രകളുടെ ഉദ്ദേശം. ഇവ നമുക്ക് ക്രമികമായി അപഗ്രഥനം ചെയ്ത് തിളങ്ങുന്ന മുത്തുച്ചിപ്പികളായി ഉള്ളില്‍ സൂക്ഷിക്കാം.
കാലത്ത് കൊല്ലൂരിലെത്തി മൂകാംബികാ ക്ഷേത്രത്തില്‍ ദര്‍ശനം നടക്കത്തക്ക തരത്തിലായിരുന്നു പല യാത്രകളും ക്രമീകരിക്കപ്പെട്ടിരുന്നത്.
മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ വീട്ടില്‍നിന്നും പുറപ്പെട്ടു. ആശ്രമത്തിലെത്തി. തീര്‍ത്ഥാടനത്തിനു തയ്യാറായി കുറച്ചുപേരുണ്ട്. എല്ലാവരും ഒത്തുചേര്‍ന്ന് നിര്‍ദ്ദേശശ്രവണത്തോടെ തയ്യാറെടുക്കുന്നു. സന്ധ്യക്ക് സ്വാമിജിയെ പാദനമസ്‌കാരം ചെയ്ത് യാത്ര പുറപ്പെട്ടു, തികച്ചും വ്രതാനുഷ്ഠാനങ്ങളോടെ. മിക്കവാറും ഒന്നോ രണ്ടോ ആഴ്ചകൊണ്ട് തിരിച്ചെത്തുന്ന തരത്തിലായിരിക്കും ദിവസങ്ങള്‍ ക്രമീകരിക്കുക. ബാഗുകളും മറ്റു സാമഗ്രികളും അധികമുണ്ടാവില്ല. കഴിവതും ഭാരം കുറയ്‌ക്കും. എങ്കിലും നമുക്കു അത്യാവശ്യം വേണ്ട സാധനസാമഗ്രികള്‍ മാത്രമേ കരുതുകയുള്ളൂ. എന്നാലൂം പ്രാരബ്ധഭാണ്ഡങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചാലും ഒഴിവാക്കാനാവതല്ല, അവയെ കൂടെ കൂട്ടുകതന്നെ വേണം. വേണ്ട എന്നു വിചാരിച്ചാലും വരികതന്നെ ചെയ്യും. ചിതയിലടങ്ങുന്നതുവരെ പ്രാരബ്ധം നിഴലുപോലെ കൂടെയുണ്ടാവുകയും ചെയ്യും. അതു സുനിശ്ചിതമാണ്. മുജ്ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളുടെ (സുകൃതമായാലും ദുഷ്‌കൃതമായാലും) ഫലങ്ങളുടെ ഏറ്റക്കുറച്ചിലിനും കൂട്ടിക്കിഴിക്കലിനും ശേഷം ബാക്കി വരുന്നതാണ് പ്രാരബ്ധം. അത് അടുത്ത ജന്മത്തിലേയ്‌ക്കുള്ള പ്രവേശികയാണ്. അതിന്റെ ഫലങ്ങള്‍ നാം അനുഭവിച്ചേ മതിയാകൂ. ‘പ്രാരബ്ധം ത്വിഹ ഭുജ്യതാം’ എന്നാണ് പറയുന്നത്. അതായത് ഭുജിക്കാന്‍ (അനുഭവിക്കാന്‍) ഉള്ളതാണ്. അവ അനുഭവിച്ചു തന്നെ തീര്‍ക്കണം. അതിനുസരിച്ചുള്ള കര്‍മ്മങ്ങളിലൂടെ കടന്നുപോകേണ്ടിയും വരും.
രാത്രി യാത്രയാണ്. ബസ്സിലാണെങ്കില്‍ കോഴിക്കോട്ടുനിന്നും രാത്രി 8.30 ന്റെ ജയരാജ് ബള്ളാള്‍ ബസ്സ് കിട്ടും. ആദ്യകാലങ്ങളില്‍ ബസ്സില്‍ത്തന്നെയായിരുന്നു യാത്ര. പിന്നീട് സ്വകാര്യ വാഹനത്തിലായി. യാത്ര സ്വകാര്യ വാഹനത്തിലാണെങ്കില്‍ ഉണര്‍ന്നിരിക്കാറാണ് പതിവ്. മിക്കവാറും സ്വാമിജി തന്നെയായിരിക്കും വാഹനത്തിന്റെ സാരഥി. ഉറക്കം വരാതിരിക്കാന്‍ എന്തെങ്കിലും കഥകള്‍ പറഞ്ഞുകൊണ്ടിരിക്കും. അതില്‍ കുറെ തമാശകളുമുണ്ടാവും. ഇടയ്‌ക്കിടയ്‌ക്ക് തത്ത്വഗ്രഹണാത്മകമായ സംഭാഷണങ്ങളുമുണ്ടാവും. യാത്രയില്‍ സ്വാമിജി തീര്‍ത്തും നമ്മളിലൊരാളാകും, ഉപചാരങ്ങളൊന്നുമില്ലാതെ. ഈ യാത്ര അത്യന്തം സന്തോഷവും ആത്മവിശ്വാസവും തരുന്നതായി അനുഭവപ്പെടും, അത്രയ്‌ക്ക് മൂല്യവത്തായതാണ് ഗുരുസാമീപ്യം.
(തുടരും)
















