കളിയിക്കാവിള: ആചാരപ്പഴമയുടെ പല്ലക്കേറിയെത്തിയ നവരാത്രി വിഗ്രഹങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തിയില്‍ പ്രൗഡഗംഭീരമായ വരവേല്‍പ്പ്. കുഴിത്തുറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിശ്രമത്തിനു ശേഷം കഴിഞ്ഞ ദിവസം രാവിലെ തുടര്‍ന്ന ഘോഷയാത്ര ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ കളിയിക്കാവിളയില്‍ സ്വീകരണ മണ്ഡപത്തിലെത്തി. നൂറു കണക്കിന് ഭക്തരുടെ അകമ്പടിയോടെയെത്തിയ വിഗ്രഹങ്ങളെ അതിര്‍ത്തിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചു. തമിഴ്‌നാട്, കേരള പോലീസ് ഘോഷയാത്രയ്‌ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
കെട്ടിലും മട്ടിലും രാജഭരണകാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിയെത്തിയ ഘോഷയാത്രയെ ദര്‍ശിക്കാന്‍ രാവിലെ മുതല്‍ ആയിരങ്ങളെത്തിയിരുന്നു. വിഗ്രഹഘോഷയാത്രയെ സ്വീകരിക്കാന്‍ റോഡിന്റെ ഇരുവശവും നിലവിളക്കും താലപ്പൊലിയുമായും വിഗ്രഹഘോഷയാത്രയെ സ്വീകരിച്ചു. തിരുവനന്തപുരം റൂറല്‍ എസ്പി അശോക് കുമാര്‍,. കന്യാകുമാരി എസ്പി ശ്രീനാഥ്, നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍ കുമാര്‍, ദേവസ്വം ബോര്‍ഡു അംഗങ്ങളായ, കെ.പി. ശങ്കര്‍ദാസ്, തമിഴ്‌നാട് ദേവസ്വം കമ്മിഷണര്‍ അന്‍പ്പു മണി, നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ മോഹനകുമാര്‍, എംഎല്‍എ മാരായ ശിവകുമാര്‍, ആന്‍സലന്‍,, വിന്‍സെന്റ്, സി.കെ. ഹരിന്ദ്രന്‍ ബിജെപി നേതാക്കളായ ബിജു ബി. നായര്‍, സുരേഷ് തമ്പി, കൊല്ലയില്‍ അജിത്ത്, അരുവിയോട് സജി, പാറശ്ശാല എസ്‌ഐ ശ്രീലാല്‍ ചന്ദ്ര ശേഖരന്‍, തിരുവനന്തപ്പുരം ജില്ലാ ക്ഷേത്ര സംരക്ഷണ സമിതി നെയ്യാറ്റിന്‍കര താലൂക്കിന് വേണ്ടി സുനില്‍കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വീകരണങ്ങള്‍ക്ക് ശേഷം പാറശ്ശാല ശ്രീ മഹാദേവ ക്ഷേത്രത്തിലെത്തിയ ഘോഷയാത്ര ഉച്ചയ്‌ക്ക് വിശ്രമത്തിനു ശേഷം മൂന്നു മണിയോടെ നെയ്യാറ്റിന്‍കരയ്‌ക്ക് പുറപ്പെട്ടു. അയ്യപ്പസേവാസംഘം, നവരാത്രി സേവാ സമിതി, തുടങ്ങിയ സംഘടനകള്‍ ഘോഷയാത്രയക്ക് അകമ്പടി സേവിച്ചു. രാത്രിയോടെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തങ്ങിയ ശേഷം ഇന്നു രാവിലെ ഘോഷയാത്ര നഗരത്തിലേക്കു തിരിക്കും. സരസ്വതി ദേവിയെ കോട്ടയ്‌ക്കകം നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും, മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്‌ക്കിരുത്തും.
ഫോട്ടോ ക്യാപ്ഷന്‍
കളിയിക്കാവിള അതിര്‍ത്തിയില്‍ നവരാത്രി വിഗ്രഹങ്ങള്‍ക്ക് നല്‍കിയ സ്വീകരണം
















