മുംബൈ: ഭാരതമെമ്പാടും രാഷ്‌ട്രപിതാവിന്റെ ജന്മവാര്‍ഷികാഘോഷങ്ങളില്‍ മുഴുകുമ്പോള്‍, ബാപ്പുജിയുടെ ജന്മവാര്‍ഷികം വ്യത്യസ്തമായി ആഘോഷിച്ച് ഇന്ത്യന്‍ റെയില്‍വേയുടെ മധ്യമേഖല. ദേശീയ ത്രിവര്‍ണ്ണത്തിന്റെ പശ്ചാത്തലത്തില്‍ ഡീസല്‍ ലോക്കോമോട്ടീവുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം വരച്ചുകൊണ്ടാണ്് മധ്യമേഖല റെയില്‍വേ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നത്.

ലോക്കോമോട്ടീവുകളുടെ പെയിന്റിംഗ് ജോലികള്‍ ഏകദേശം രണ്ടുമാസം മുമ്പാണ് ആരംഭിച്ചത്. മുംബൈ-പൂനെ, മുംബൈ-കൊങ്കണ്‍ റൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന 15 ഡീസല്‍ ലോക്കോമോട്ടീവുകളാണ് ഇതുവരെ വരച്ചത്. കൂടാതെ ഏഴ് ലോക്കോമോട്ടീവുകള്‍ കൂടി വരയ്‌ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കല്യാണിലെ ഡീസല്‍ ലോക്കോ ഷെഡിലെ മാസ്റ്റര്‍ക്രാഫ്റ്റ്‌സ്മാന്‍ ആന്‍ഡ് പെയിന്റര്‍ ശ്രീ ചിന്തമന്‍ ദൊണ്ടെയാണ് ഒരു ടീമിനൊപ്പം തീവണ്ടികളില്‍ പെയിന്റ് ചെയ്യുന്നത്. സ്വച്ഛാത, അഹിംസ എന്നീ ആശയങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ രാഷ്‌ട്രപിതാവാണ് മഹാത്മാഗാന്ധിജി. ഈ ചിത്രങ്ങളിലൂടെ ഞങ്ങള്‍ സെന്‍ട്രല്‍ റെയില്‍വേയ്‌ക്ക് വേണ്ടി മഹാത്മാവിന് ആദരം അര്‍പ്പിക്കുകയാണെന്നും ഡൊണ്ടെ പറഞ്ഞു.

















