ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്ര പൊതുസഭ സമ്മേളനത്തില്‍ സംസാരിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകിട്ട് ഏഴരയ്‌ക്കാണ് (ഐഎസ്ടി) പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്യുക. മോദിക്ക് ശേഷമുള്ള മൂന്നാമത്തെ പ്രാസംഗികന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്.
നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ വിഷയം അതിര്‍ത്തിയിലെ സമാധാനത്തെ കുറിച്ചും വികസനത്തെ സംബന്ധിച്ചുമാകാം.. കശ്മീര്‍ ഭാരതത്തിന്റെ ആഭ്യന്തര വിഷയമാണെന്ന് പ്രധാനമന്ത്രിയും അഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ വ്യക്തമാക്കിരുന്നു. അതുകൊണ്ടുതന്നെ ജമ്മുകശ്മീര്‍ പരാമര്‍ശം പ്രസംഗത്തില്‍ ഉണ്ടാകില്ല. എന്നാല്‍ ഭീകരവാദം ചൂണ്ടിക്കാട്ടി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചെക്കും. എന്നാല്‍ ഇമ്രാന്‍ഖാന്റെ പ്രസംഗത്തില്‍ കശ്മീരിനാകും പ്രധാന ഊന്നല്‍. പാകിസ്ഥാന്റെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി പൊതുസഭയില്‍ നല്കുമെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന സാര്‍ക്ക് സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ നടത്തിയ പ്രസംഗത്തെ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ബഹിഷ്‌ക്കരിച്ചിരുന്നു. ഇത് ഐക്യരാഷ്‌ട്ര സഭയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പ്രസംഗമാണ്. മേയ് മാസത്തെ രണ്ടാം മോദി സര്‍ക്കാറിന്റെ വിജയത്തിനു ശേഷമുളള ആദ്യ പ്രസംഗവുമാണിത്.
















