ന്യൂയോര്‍ക്ക്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്ന് രാജ്യംവിട്ട വ്യവസായി മെഹുല്‍ ചോക്‌സി ചതിയനും രാജ്യത്തിന് ഗുണമില്ലാത്തവനുമാണെന്ന് ആന്റിഗ്വാ ആന്‍ഡ് ബര്‍ബൂഡ പ്രധാന മന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍. ഇന്ത്യയില്‍ നിലനില്‍ക്കുന്ന കേസുകളിലെ വിചാരണ നേരിടാന്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും അദ്ദേഹം പറഞ്ഞു.
13,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ചോക്‌സിയും നീരവ് മോദിയും കുടുംബസമേതം 2018 ജനുവരിയിലാണു രാജ്യം വിട്ടത്. ഇതിനു രണ്ടാഴ്ചയ്‌ക്കു ശേഷമാണു പിഎന്‍ബിയുടെ തട്ടിപ്പിനെക്കുറിച്ചു പുറംലോകം അറിയുന്നത്. തുടര്‍ന്ന് ഇരുവരുടെയും പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റാണു പുറപ്പെടുവിച്ചത്. ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസും ഇറക്കി. കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലെത്തിയ ചോക്‌സി അവിടുത്തെ പാസ്‌പോര്‍ട്ടു സംഘടിപ്പിച്ചു. തുടര്‍ന്ന് ആന്റിഗ്വയുടെ പൗരത്വവും ചോക്‌സിക്കു ലഭിച്ചു.
ചോക്സിയുടെ അപേക്ഷകള്‍ എല്ലാം തള്ളിക്കളഞ്ഞതിനു ശേഷമായിരിക്കും അദ്ദേഹത്തെ ഇന്ത്യയിലേക്ക് അയക്കുകയെന്നും അദ്ദേഹത്തെ കൊണ്ട് ഞങ്ങളുടെ രാജ്യത്തിന് യാതൊരു ഗുണവും ലഭിക്കാനില്ലെന്നും ഇയാളൊരു ചതിയനാണെന്ന വിവരം നമുക്ക് ലഭിച്ചിട്ടുണ്ടെന്നും ബ്രൗണ്‍ പറഞ്ഞു.
















