ന്യൂദല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വാദ്രയ്‌ക്ക് കളപ്പണം വെളുപ്പിക്കുന്നവരുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വിളിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ല. അതിനാല്‍ കസ്റ്റഡിയില്‍ വിട്ടു ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് ജസ്റ്റിസ് ചന്ദ്രശേഖറിന്റെ മുമ്പാകെ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അന്വേഷണ സംഘം ആവശ്യപ്പെട്ട സമയത്തെല്ലാം തന്റെ കക്ഷി ഹാജരായിട്ടുണ്ടെന്ന് വാദ്രയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അന്വേഷണസംഘത്തിന്റെ ചോദ്യങ്ങള്‍ക്കെല്ലാം തന്റെ കക്ഷി മറുപടി നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ലണ്ടനില്‍ നിയമ വിരുദ്ധമായി 1.9 മില്യണ്‍ (17 കോടി വിലമതിക്കുന്ന) ഭൂമി ഇടപാട് നടത്തിയത് സംബന്ധിച്ചും വാദ്രയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ സമന്‍സ് അയച്ചിട്ടുണ്ടെങ്കിലും അത് കൈപ്പറ്റാന്‍ തയ്യാറായില്ല. ഇത് കണക്കിലെടുത്തും വാദ്രയെ കസ്റ്റഡിയില്‍ വിട്ടു തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്്.
അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് വിദേശത്ത് സ്വത്തുവകകള്‍ ഒന്നും ഇല്ലെന്നും ചിലതില്‍ പങ്കാളിത്തം മാത്രമാണ് ഉള്ളതെന്നും വാദ്രയുടെ അഭിഭാഷകനും കോടതിയില്‍ അറിയിച്ചു. അന്തിമവാദത്തിനായി ഹര്‍ജി നവംബര്‍ അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. വിചാരണക്കോടതി വാദ്രയ്‌ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്.
















