ന്യൂദല്‍ഹി: അയോദ്ധ്യ കേസില്‍ വാദത്തിനായി കൂടുതൽ ദിവസങ്ങൾ അനുവദിക്കില്ലെന്ന് സുപ്രീംകോടതി. 2019 ഒക്ടോബര്‍ 18 നകം വാദങ്ങള്‍ പൂര്‍ത്തിയാക്കണം. വാദങ്ങള്‍ സമയ ബന്ധിതമായി തീര്‍ക്കാത്തപക്ഷം കോടതിക്ക് വിധി പറയാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് നവംബര്‍ 17 ന് വിരമിക്കുന്നതിനു മുന്നേ അയോദ്ധ്യ കേസില്‍ വിധി പ്രഖ്യപിക്കുന്നതിനാണ് കോടതി ശ്രമിക്കുന്നത്. ചൊവ്വാഴ്ചയ്‌ക്കകം മറുപടി സമര്‍പ്പിക്കാന്‍ ഹിന്ദു കക്ഷികളോട് കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വാദം പൂര്‍ത്തിയാക്കുമെന്ന് മുസ്ലിം വിഭാഗം അറിയിച്ചു. ശനിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വൈകുന്നേരം അഞ്ച് മണി വരെ വാദം കേള്‍ക്കണമെന്ന് മുസ്ലീങ്ങൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് ധവാന്‍ കോടതിയോട് ആവശ്യപ്പെട്ടു.
രാമന്‍ ജനിച്ച അതേ സ്ഥലത്താണ് 450 വര്‍ഷം മുമ്പ് പള്ളി പണിതതെന്ന് ഉത്തര്‍പ്രദേശ് ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. അയോദ്ധ്യയിലെ ചബൂത്രയിലാണ് രാമന്‍ ജനിച്ചത് എന്ന് പറയുന്നത് തെറ്റാണ്. 12 ലക്ഷം വര്‍ഷം മുമ്പ് രാമൻ ജനിച്ച അതേ സ്ഥലത്താണ് പള്ളി പണിതത്. ശ്രീരാമചന്ദ്ര വിശ്വാസികളെ അപമാനിക്കുന്നതിനായാണ് ബാബറിന്റെ നിര്‍ദ്ദേശപ്രകാരം മീര്‍ബാക്കി ക്ഷേത്രങ്ങള്‍ നശിപ്പിച്ച് പള്ളി പണിഞ്ഞതെന്നും ബോര്‍ഡ് വ്യക്തമാക്കി.
കേസിൽ പ്രതികൂല വിധി വന്നാൽ മുസ്ലിം വിഭാഗം ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തര്‍ക്ക സ്ഥലത്തെ മൂന്ന് തുല്യ ഭാഗങ്ങളായി വിഭജിച്ച 2010 അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഹിന്ദു, മുസ്ലീം, മറ്റ് വിഭാഗങ്ങള്‍ സമര്‍പ്പിച്ച കൂട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്.
സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പിലൂടെ തര്‍ക്കം പരിഹരിക്കുന്നതില്‍ കോടതി നിയോഗിച്ച മധ്യസ്ഥ പാനല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് ആറിന് ദൈനംദിന ഹിയറിംഗ് ആരംഭിച്ചു.
















