ന്യൂയോര്‍ക്ക്: ഇന്ത്യയോടൊപ്പം പങ്കാളികളാകാന്‍ ഇതാണ് ഏറ്റവും മികച്ച അവസരമെന്ന് നിക്ഷേപകരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസില്‍ ബ്ലൂംബെര്‍ഗ് ഫോറത്തില്‍ സംസാരിക്കവേയാണ് മോദി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യം നിക്ഷേപ സൗഹാര്‍ദ്ദ രാഷ്‌ട്രമായി ഇന്ത്യ മാറിക്കഴിഞ്ഞു.
യുഎസിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയുടെ ബുദ്ധിയും ലോകത്തെ മാറ്റിമറിക്കും. ഇന്ത്യയും യുഎസും ചേര്‍ന്നാല്‍ ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാകും. അവിടെ എന്തെങ്കിലും വിടവ് അനുഭവപ്പെട്ടാല്‍ പാലമായി താന്‍ നില്‍ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
രാജ്യാന്തര തലത്തില്‍ വിദേശനിക്ഷേപ റാങ്കിങ്ങില്‍ ലോക രാഷ്‌ട്രങ്ങള്‍ താഴേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടേത് മുകളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യം, ജനസംഖ്യ, ആവശ്യകത, നിശ്ചയദാര്‍ഢ്യം എന്നീ നാലു ഘടകങ്ങള്‍ ചേര്‍ന്നതാണ് ഇന്ത്യ. രാജ്യത്തെ ജനാധിപത്യവും നിയമ സംവിധാനങ്ങളും നിക്ഷേപങ്ങള്‍ക്കു സംരക്ഷണം നല്‍കുന്നു.
സമ്പദ്‌വ്യവസ്ഥ ഉയരങ്ങളിലെത്തിക്കുക ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വിദേശ നിക്ഷേപങ്ങളെ രാജ്യത്തേക്കു ക്ഷണിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം അഞ്ച് ട്രില്യന്‍ ഡോളറായി ഉയര്‍ത്തുകയെന്നതാണു ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
















